ഹിറ്റ് ആൻഡ് റൺ നിയമം ഉടൻ നടപ്പാക്കില്ലെന്ന് കേന്ദ്രം; സമരം പിൻവലിച്ച് ട്രക്ക് ഡ്രൈവർമാർ
ആൾ ഇന്ത്യ മോട്ടോർ ട്രാൻസ്‌പോർട്ട് കോൺഗ്രസ് പ്രതിനിധികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം
ന്യൂഡൽഹി: കേന്ദ്ര സർക്കാർ പുതുതായി കൊണ്ടുവന്ന ഹിറ്റ് ആൻഡ് റൺ നിയമത്തിനെതിരെ ട്രക്ക് ഡ്രൈവർമാർ നടത്തിവന്ന സമരം പിൻവലിച്ചു. ആൾ ഇന്ത്യ മോട്ടോർ ട്രാൻസ്‌പോർട്ട് കോൺഗ്രസ് പ്രതിനിധികളുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
‘പുതിയ നിയമം ഇതുവരെ നടപ്പാക്കിയിട്ടില്ല. ഭാരതീയ ന്യായ സൻഹിത 106/2 നടപ്പാക്കുന്നതിന് മുമ്പ് ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്‌പോർട്ട് കോൺഗ്രസ് പ്രതിനിധികളുമായി ചർച്ച നടത്തും. എന്നിട്ട് മാത്രമേ തീരുമാനം എടുക്കൂ’ -കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല അറിയിച്ചു.
വാഹനം അപകടത്തിൽപെട്ടാൽ അധികൃതരെ അറിയിക്കാതെ ഓടിരക്ഷപ്പെടുന്ന ഡ്രൈവർമാർക്ക് പത്ത് വർഷം തടവും ഏഴ് ലക്ഷം പിഴയും ചുമത്തുന്നതാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിന് പകരം കൊണ്ടുവന്ന ഭാരതീയ ന്യായസംഹിതിയിലുള്ള പുതിയ ഹിറ്റ് ആൻഡ് റൺ നിയമം. ഡ്രൈവർമാരുടെ അശ്രദ്ധകൊണ്ട് മരണം സംഭവിച്ചാൽ അഞ്ചുവർഷം തടവും പിഴയുമാണ് പുതിയ വ്യവസ്ഥ. ഇതിനെതിരെയായിരുന്നു ട്രക്ക് ഡ്രൈവർമാർ സമരവുമായി രംഗത്തിറങ്ങിയത്.
പുതിയ നിയമത്തിനെതിരെ മൂന്ന് ദിവസം നീളുന്ന സമരം തിങ്കളാഴ്ചയാണ് ആരംഭിച്ചത്. ഇതിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ടാങ്കർ ലോറി ഡ്രൈവർമാരും സമരം തുടങ്ങിയിരുന്നു. ബിഹാർ, പഞ്ചാബ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലായിരുന്നു സമരം. ഈ ഭാഗങ്ങളിൽ റോഡ് മാർഗമുള്ള ചരക്ക് നീക്കം ഏറെക്കുറെ നിലച്ചു. ഇന്ധന ടാങ്കർ ലോറികളും സമരത്തിന്റെ ഭാഗമായതോടെ പെട്രോൾ പമ്പുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തുടർന്നാണ് കേന്ദ്ര സർക്കാർ സമരക്കാരുമായി ചർച്ചക്ക് മുതിർന്നത്.