കർഷകർക്ക് മുന്നിൽ വീണ്ടും മുട്ടുമടക്കി കേന്ദ്രം; കേസുകൾ ഉടൻ പിൻവലിക്കാമെന്ന് ഉറപ്പ്
സമരം അവസാനിപ്പിച്ചാലേ കർഷകർക്കെതിരെയുള്ള കേസ് പിൻവലിക്കൂ എന്നായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.
സമരക്കാര്‍ക്കെതിരായ കേസുകൾ ഉടൻ പിൻവലിക്കാമെന്ന് കർഷക സംഘടനകൾക്ക് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കി. സംയുക്ത കിസാന്‍ മോര്‍ച്ചയെ പ്രതിനിധീകരിച്ചുള്ള അഞ്ചംഗ സമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനിക്കാൻ സംയുക്ത കിസാൻ മോർച്ച ഉച്ചക്ക് രണ്ട് മണിക്ക് സിംഗുവിൽ യോഗം ചേരും. അതിർത്തികൾ അടച്ചു കൊണ്ടുള്ള സമരം അവസാനിപ്പിക്കാനാണ് കർഷക സംഘടനകൾ ആലോചിക്കുന്നത്.
സമരം അവസാനിപ്പിച്ചാലേ കർഷകർക്കെതിരെയുള്ള കേസ് പിൻവലിക്കൂ എന്നായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. ഇതില്‍ കർഷക സംഘടനകൾ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കര്‍ഷകർ മുന്നോട്ട് വെച്ച ആറ് ആവശ്യങ്ങളില്‍ അംഗീകരിക്കാൻ കഴിയുന്ന കാര്യങ്ങളിലാണ് കേന്ദ്ര സർക്കാർ രേഖാമൂലം ഉറപ്പ് നൽകിയത്.
മിനിമം താങ്ങുവിലയ്ക്ക് നിയമസാധുത നൽകുന്നതിന് നടപടി എടുക്കാമെന്നതാണ് കേന്ദ്ര സർക്കാർ അറിയിച്ച പ്രധാന നയംമാറ്റം. ഇതിനായി സർക്കാർ ഉദ്യോഗസ്ഥരും കാർഷിക വിദഗ്ധരും സമരം നയിക്കുന്ന സംയുക്ത കിസാൻ മോർച്ച പ്രതിനിധികളും അടങ്ങുന്ന സമിതിയുണ്ടാക്കാമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. കർഷകസമരത്തിൽ മരിച്ചവർക്ക് അഞ്ചു ലക്ഷം നഷ്ടപരിഹാരം നൽകിയ പഞ്ചാബ് സർക്കാറിന്റെ മാതൃകയിൽ ഉത്തർപ്രദേശ്, ഹരിയാന സർക്കാറുകൾ നഷ്ടപരിഹാരം നൽകണമെന്നത് തത്ത്വത്തിൽ കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടുണ്ടെന്നും കർഷക നേതാക്കൾ വ്യക്തമാക്കിയിരുന്നു.