രൂക്ഷമായ യുദ്ധത്തിനിടെ ഇന്ത്യൻ തൊഴിലാളികളെ ഇസ്രായേലിലേക്ക് അയക്കാനൊരുങ്ങി കേന്ദ്രസർക്കാർ

യുദ്ധഭൂമിയായ ഇസ്രായേലിലേക്ക് ജീവൻ പണയംവെച്ച് തൊഴിലാളികൾ പോകുന്നത് ഇന്ത്യയിലെ രൂക്ഷമായ തൊഴിൽ പ്രതിസന്ധിയാണ് വെളിവാക്കുന്നതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

Update: 2024-04-14 05:43 GMT
Advertising

ന്യൂഡൽഹി: യുദ്ധം രൂക്ഷമാകുന്നതിനിടെ 6000 ഇന്ത്യൻ തൊഴിലാളികളെ ഇസ്രായേലിലേക്ക് അയക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഒക്ടോബർ ഏഴിലെ ആക്രമണത്തിന് പിന്നാലെ ഫലസ്തീൻ തൊഴിലാളികളെ മുഴുവൻ ഇസ്രായേൽ വിലക്കിയിരുന്നു. തൊഴിലാളി ക്ഷാമം രൂക്ഷമായതോടെ നിർമാണ മേഖലയിലും ഫാമുകളിലും വലിയ തൊഴിലാളി ക്ഷാമമാണ് ഇസ്രായേൽ നേരിടുന്നത്. ഇത് മറികടക്കാനാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്ന് തൊഴിലാളികളെ എത്തിക്കുന്നത്.

തൊഴിലാളികളുടെ രൂക്ഷമായ ക്ഷാമം മൂലം ഇസ്രായേലിലെ നിരവധി പദ്ധതികൾ സ്തംഭിച്ചിരിക്കുകയാണ്. യുദ്ധം സൃഷ്ടിച്ച കനത്ത പ്രതിസന്ധിക്കിടെ തൊഴിലാളി ക്ഷാമം കൂടിയായതോടെ ഇസ്രായേൽ ഭരണകൂടം വലിയ വെല്ലുവിളിയാണ് നേരിടുന്നത്. രാജ്യങ്ങൾ തമ്മിലുള്ള ഗവൺമെന്റ് ടു ഗവൺമെന്റ് കരാർ പ്രകാരമാണ് ഇന്ത്യയിൽനിന്നുള്ള തൊഴിലാളികളെ ഇസ്രായേലിലേക്ക് കൊണ്ടുവരുന്നത്.

യുദ്ധഭൂമിയായ ഇസ്രായേലിലേക്ക് ജീവൻ പണയംവെച്ച് തൊഴിലാളികൾ പോകുന്നത് ഇന്ത്യയിലെ രൂക്ഷമായ തൊഴിൽ പ്രതിസന്ധിയാണ് വെളിവാക്കുന്നതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. 6000 തൊഴിലാളികളെ അയക്കുമെന്നാണ് കേന്ദ്രസർക്കാർ പറയുന്നതെങ്കിലും യഥാർഥ കണക്ക് ഒരുലക്ഷത്തോളം വരുമെന്നും ഇവർ പറയുന്നു. ഹരിയാന, പഞ്ചാബ്, യു.പി തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് ഇന്റർവ്യൂവിന് എത്തിയത്. നിർമാണ മേഖലയിലും ഫാമുകളിലും ജോലി ചെയ്യുന്നതിനാണ് തൊഴിലാളികളെ കൊണ്ടുപോകുന്നത്. ഇവിടെ തൊഴിൽ വളരെ കുറവാണെന്നും തുച്ഛമായ വേതനം മാത്രമാണ് ലഭിക്കുന്നതെന്നും ഇൻർവ്യൂവിനെത്തിയവർ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം പശ്ചിമേഷ്യയിൽ ഇറാനും ഇസ്രായേലും മുഖാമുഖം വന്നതോടെ വീണ്ടും യുദ്ധം രൂക്ഷമാകുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇറാനെതിരെ ഇസ്രായേൽ ആക്രമണം നടത്തിയതിന് തിരിച്ചടിയായി ഇസ്രായേൽ ചരക്കുകപ്പൽ ഇറാൻ പിടിച്ചെടുത്തിരുന്നു. ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചും ഇറാൻ ആക്രമണം നടത്തി. 185 ഡ്രോണുകളും 36 ക്രൂയിസ് മിസേലുകളും 110 ഭൂതല മിസൈലുകളും ഇറാൻ ഉപയോഗിച്ചതായാണ് വിവരം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News