ലാറ്ററൽ എൻട്രിയിൽ കേന്ദ്ര സർക്കാറിന്റെ ‘യു ടേൺ’; പരസ്യം പിൻവലിക്കാൻ നിർദേശം

സംവരണ തത്വങ്ങൾ പാലിക്കാത്തതിനെതിരെ എൻ.ഡി.എ കക്ഷികളും പ്രതിപക്ഷവും രംഗത്തുവന്നിരുന്നു

Update: 2024-08-20 12:21 GMT
Advertising

ന്യൂഡൽഹി: ഉന്നത സർക്കാർ ഉദ്യോഗങ്ങളിൽ സ്വകാര്യമേഖലയിലുള്ളവരെ ലാറ്ററൽ എൻട്രി വഴി നിയമിക്കാനുള്ള തീരുമാനത്തിൽനിന്നും കേന്ദ്ര സർക്കാർ പിൻവലിയുന്നു. സംവരണ തത്വങ്ങൾ പാലിക്കുന്നില്ല എന്ന വിമർശനം ശക്തമായതോടെ ഇതുസംബന്ധിച്ച പരസ്യം പിൻവലിക്കാൻ യു.പി.എസ്.സിക്ക് നിർദേശം നൽകി. പ്രധാനമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നടപടിയെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് യു.പി.എസ്.സി ചെയർപേഴ്സന് അയച്ച കത്തിൽ വ്യക്തമാക്കി.

ഭരണഘടന അനുശാസിക്കുന്ന തുല്യതയുടെയും സാമൂഹിക നീതിയുടെയും തത്വങ്ങളുമായി, പ്രത്യേകിച്ച് സംവരണ വ്യവസ്ഥയുമായി ലാറ്ററൽ എൻട്രി പൊരുത്തപ്പെടേണ്ടത് അത്യാവശ്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം പൊതുതൊഴിലിലെ സംവരണം ചരിത്രപരമായ അനീതികളെ അഭിസംബോധന ചെയ്യാനും എല്ലാവരെയും ഉൾക്കൊള്ളുന്നതിനെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള സാമൂഹിക നീതി ചട്ടക്കൂടിന്റെ മൂലക്കല്ലാണെന്നും കത്തിൽ വ്യക്തമാക്കി.

ആഗസ്റ്റ് 17നാണ് ​​ജോയിന്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി തുടങ്ങി 45 തസ്തികകളിലേക്ക് ലാറ്ററൽ എൻട്രി വഴി യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചത്. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ക്ഷാമം പരിഹരിക്കുക, ഭരണവൈദഗ്ധ്യം വർധിപ്പിക്കുക എന്നീ കാരണങ്ങൾ പറഞ്ഞാണ് ലാറ്ററൽ നടപ്പാക്കുന്നത്.

ഇതിനെതിരെ വലിയ വിമർശനമാണ് പ്രതിപക്ഷം ഉയർത്തിയത്. ഒ.ബി.സി, എസ്‌.സി, എസ്.ടി എന്നിവരുടെ സംവരണാവകാശങ്ങളെ തുരങ്കം വെക്കുന്ന തീരുമാനമാണിതെന്നായിരുന്നു പ്രധാന വിമര്‍ശം. ആഭ്യന്തരം, ധനകാര്യം, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി, സ്റ്റീല്‍ മന്ത്രാലയം തുടങ്ങിയ വകുപ്പുകളിലേക്കാണ് ജോയിന്റ് സെക്രട്ടറിമാരെ ക്ഷണിച്ചത്. ആഭ്യന്തരം, വിദ്യാഭ്യാസം, ഐ.ടി, കോര്‍പ്പറേറ്റ് അഫയേഴ്‌സ്, വിദേശകാര്യം, സ്റ്റീല്‍, ധനകാര്യം തുടങ്ങിയ വകുപ്പുകളിലേക്കാണ് ഡയറക്ടര്‍മാര്‍ അല്ലെങ്കില്‍ ഡെപ്യൂട്ടി സെക്രട്ടറിമാരുടെ നിയമനം.

യു.പി.എസ്.സിക്ക് പകരം ആര്‍.എസ്.എസ് വഴി ജീവനക്കാരെ നിയമിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നതെന്നാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇതിനെ വിമര്‍ശിച്ചത്. ഇത് ഭരണഘടനയ്ക്ക് നേരെയുള്ള അതിക്രമമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കേന്ദ്ര മന്ത്രിയും ലോക് ജൻശക്തി പാർട്ടി (രാം വിലാസ്) അധ്യക്ഷനുമായ ചിരാഗ് പാസ്വാനും രംഗത്തുവന്നിരുന്നു. ഇത്തരം നിയമനങ്ങളിൽ എന്റെ പാർട്ടിയുടെ നിലപാട് തീർത്തും വ്യക്തമാണ്. സർക്കാർ നിയമനങ്ങൾ നടക്കുന്നിടത്തെല്ലാം സംവരണ വ്യവസ്ഥകൾ പാലിക്കണമെന്ന് ചിരാഗ് പാസ്വാൻ പറഞ്ഞു. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News