അഫ്ഗാന്‍ പ്രതിസന്ധി; പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു

കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് ശ്രമങ്ങള്‍ തുടരുകയാണ്. വിമാനങ്ങളുടെ എണ്ണം കൂട്ടുന്നത് സംബന്ധിച്ച ചര്‍ച്ചയും നടക്കുന്നുണ്ട്.

Update: 2021-08-23 11:08 GMT
Advertising

അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. ഈ മാസം 26ന് രാവിലെ 11നാണ് യോഗം. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് വിദേശകാര്യമന്ത്രാലയം പാര്‍ലമെന്‍റിലെ കക്ഷി നേതാക്കളുടെ യോഗം വിളിച്ചത്. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഫ്ഗാനിസ്ഥാനിലെ രക്ഷാദൗത്യം, അഫ്ഗാന്‍ നയം എന്നിവ വിദേശകാര്യമന്ത്രാലയം രാഷ്ട്രീയകക്ഷി നേതാക്കളോട് യോഗത്തില്‍ വിശദീകരിക്കും.

അതേസമയം അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ തിരികെയെത്തിക്കാനുള്ള ദൗത്യം തുടരുകയാണ്. അഫ്ഗാനിൽ കുടുങ്ങിയ 146 ഇന്ത്യക്കാരെ കൂടി നാട്ടിലെത്തിച്ചു. വ്യോമസേനാ വിമാനങ്ങൾക്ക് പുറമെ രണ്ട് വിമാനങ്ങൾ കൂടി കാബൂളിൽ നിന്ന് ഇന്ത്യയിലേക്ക് സർവീസ് നടത്തും . 46 അഫ്ഗാൻ പൗരന്മാരുമായി കാബൂളിൽ നിന്ന് ഒരു വിമാനം തിരിച്ചു. ദോഹ വഴി 106 ഇന്ത്യക്കാരാണ് വിസ്താര വിമാനത്തിൽ ഇന്നലെ രാത്രി ഡൽഹിയിൽ എത്തിയത്. ഖത്തർ എയർവേസിൽ 30 യാത്രക്കാരും എയർ ഇന്ത്യ വിമാനത്തിൽ ഒരാളും പുലർച്ചയോടെ ഇന്ത്യയിലേക്ക് മടങ്ങിയെത്തി.

500 ഇന്ത്യക്കാർ ഇനിയും അഫ്ഗാനിസ്ഥാനിൽ നിന്ന് എത്താനുണ്ടെന്നാണ് റിപ്പോർട്ടുകൾ . അഫ്ഗാനിൽ കുടുങ്ങി കിടക്കുന്ന എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. അഫ്ഗാനിലെ സിഖുകാരും ഹിന്ദുക്കളും മോശമായ അവസ്ഥയിലൂടെയാണ് പോകുന്നതെന്നായിരുന്നു കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരിയുടെ പ്രതികരണം. പൗരത്വ നിയമം ആവശ്യമായിരുന്നുവെന്നും അഫ്ഗാനിലെ പ്രശ്നങ്ങൾ ഇത് തെളിയിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News