'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്'; മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ സമിതി
സെപ്റ്റംബർ 18 മുതൽ 22 വരെ നടക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' ബിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ന്യൂഡൽഹി: 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' നീക്കവുമായി കേന്ദ്രസർക്കാർ മുന്നോട്ട്. തെരഞ്ഞെടുപ്പ് പരിഷ്‌കാരത്തെക്കുറിച്ച് പഠിക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നതിനെ കുറിച്ച് സമിതി പഠിക്കും. സമിതിയിലെ മറ്റു അംഗങ്ങളുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല.
സെപ്റ്റംബർ 18 മുതൽ 22 വരെ നടക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' ബിൽ അവതരിപ്പിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ഇത് ശരിവെക്കുന്നതാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർണസജ്ജമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ കഴിഞ്ഞ മാർച്ചിൽ വ്യക്തമാക്കിയിരുന്നു.
നിലവിൽ ഓരോ സംസ്ഥാനത്തും കേന്ദ്രത്തിലും സർക്കാറുകളുടെ കാലാവധി കഴിയുന്നതിന് അനുസരിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തിയ വൻ സാമ്പത്തിക ചെലവ് ഒഴിവാക്കാമെന്നാണ് കേന്ദ്രസർക്കാർ പറയുന്ന ന്യായീകരണം. എന്നാൽ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.