അഗ്നിപഥ് പ്രതിഷേധം തണുപ്പിക്കാൻ കേന്ദ്രം; കോസ്റ്റ് ഗാർഡിൽ പത്ത് ശതമാനം സംവരണം പ്രഖ്യാപിച്ചു
പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും പത്ത് ശതമാനം സംവരണം നല്‍കും
ഡല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രതിഷേധം തണുപ്പിക്കാൻ നടപടികളുമായി കേന്ദ്രം. അഗ്നിവീരര്‍ക്ക് പ്രതിരോധ വകുപ്പ് കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. അഗ്നിപഥിലൂടെ സൈന്യത്തിലെത്തുന്നവര്‍ക്ക് കോസ്റ്റ് ഗാർഡിലും പത്ത് ശതമാനം ജോലി സംവരണം നല്‍കും. കൂടാതെ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും പത്ത് ശതമാനം സംവരണം പ്രഖ്യാപിച്ചു. നേരത്തെ കേന്ദ്ര പൊലീസ് സേനകളിൽ പത്ത് സംവരണം പ്രഖ്യാപിച്ചിരുന്നു.
രാജ്യത്ത് വിവിധയിടങ്ങളിലായി നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ പ്രത്യേക യോഗം ചേർന്നത്. മൂന്ന് സേനാ മേധാവിമാരും പ്രതിരോധ മന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിൽ പങ്കെടുത്തു. പദ്ധതിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് സർക്കാർ തീരുമാനം.
അതേസമയം, പദ്ധതിക്കെതിരെ സമാധാനപൂർണമായ സമരത്തിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ആഹ്വാനം ചെയ്തു. സർക്കാർ കഴിഞ്ഞ മൂന്ന് വർഷം നിയമനം നടത്തിയില്ല, ചെറുപ്പക്കാരുടെ ശബ്ദം കേന്ദ്രം അവഗണിക്കുന്നു. അഗ്നിപഥ് ശരിയായ കാഴ്ചപ്പാട് ഇല്ലാത്ത പദ്ധതിയാണെന്നും സോണിയ ഗാന്ധി പറഞ്ഞു.
അഗ്നിപഥ് പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഒരാളെ ആന്ധ്രാ പൊലീസ് കസ്റ്റഡിയിലെടുത്തു. സെക്കന്തരാബാദ് പ്രതിഷേധത്തിന്റെ ആസൂത്രകനെന്ന സംശയത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അഗ്നിപഥിനെതിരെ കേരളത്തിലും പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ഒന്നര വർഷം മുൻപ് ഫിറ്റ്നസ് ടെസ്റ്റും മെഡിക്കലും കഴിഞ്ഞിട്ടും പ്രവേശന പരീക്ഷ നടത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗാർഥികൾ തിരുവനന്തപുരത്തും കോഴിക്കോടും മാർച്ച് നടത്തിയത്.