നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്ത് ഏഴ് കോടി വാങ്ങി വഞ്ചിച്ചു; സംഘ്പരിവാർ നേതാവ് ചൈത്ര കുന്ദാപുര അറസ്റ്റിൽ
സംഘ്പരിവാർ വേദികളിലെ തീപ്പൊരി പ്രസംഗകയാണ് ചൈത്ര കുന്ദാപുര.
മംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്ത് വ്യവസായിയിൽനിന്ന് ഏഴ് കോടി രൂപ വാങ്ങി വഞ്ചിച്ച കേസിൽ സംഘ്പരിവാർ നേതാവ് ചൈത്ര കുന്ദാപുര അറസ്റ്റിൽ. സംഘ്പരിവാർ വേദികളിലെ തീപ്പൊരി പ്രസംഗകയാണ് ചൈത്ര കുന്ദാപുര.
ബംഗളൂരുവിൽനിന്നുള്ള ക്രൈംബ്രാഞ്ച് സംഘം ചൊവ്വാഴ്ച രാത്രി ഉഡുപ്പിയിലെ പ്രസിദ്ധമായ ശ്രീകൃഷ്ണ മഠത്തിൽ വാഹനങ്ങൾ നിർത്തുന്ന ഭാഗത്തുനിന്നാണ് ചൈത്രയെ പിടികൂടിയത്. ഏറെനാളായി പൊതുരംഗത്തുനിന്ന് അപ്രത്യക്ഷയായ ചൈത്ര മാസ്‌ക് ധരിച്ചാണ് എത്തിയിരുന്നത്.
മുംബൈയിലെ വ്യവസായിയും ബില്ലവ സമുദായ നേതാവും സാമൂഹിക പ്രവർത്തകനുമായി ഗോവിന്ദ ബാബുവാണ് പരാതിക്കാരൻ. സീറ്റ് കിട്ടാത്തതിനെ തുടർന്ന് പണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിൽ പരാതി നൽകിയിരുന്നില്ലെന്ന് ഗോവിന്ദ ബാബു പറഞ്ഞു. കിട്ടാത്തതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.
ചൈത്രയുടെ കൂട്ടാളികളായ ശ്രീകാന്ത് നായക്, ഗംഗൻ കഡുർ, എ. പ്രസാദ് എന്നിവരെയും ഉഡുപ്പി ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മുൻ എ.ബി.വി.പി നേതാവായ ചൈത്ര കുന്ദാപുര മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങൾക്ക് കുപ്രസിദ്ധി നേടിയ നേതാവാണ്. ബജ്‌റംഗ്ദൾ വേദിയിലെ വിദ്വേഷപ്രസംഗത്തിന് 2021ൽ സൂറത്ത്കൽ പൊലീസ് ചൈത്രക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.