'സഹായത്തിനായുള്ള അവളുടെ നിലവിളി നിലയ്ക്കുന്നതുവരെ പൊലീസ് മർദിച്ചു'; യു.പിയിൽ കൊല്ലപ്പെട്ട യുവതിയുടെ സഹോദരി
കുടുംബത്തിന്റെ ആരോപണങ്ങൾ തള്ളുന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. നിഷയുടെ ശരീരത്തിൽ ആന്തരികമായോ ബാഹ്യമായോ യാതൊരു മുറിവുകളുമുണ്ടായിരുന്നില്ല എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
ലഖ്‌നൗ: ഉത്തർപ്രദേശിൽ 21 കാരിയായ യുവതി പൊലീസ് മർദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി സഹോദരി. തന്റെ സഹോദരിയെ പൊലീസ് അടിച്ചുകൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ കെട്ടിത്തൂക്കുകയായിരുന്നു എന്ന് ഇവർ പറഞ്ഞു.
ഞായറാഴ്ച വീട്ടിൽ അതിക്രമിച്ചുകയറിയ പൊലീസ് എന്താണ് കാര്യമെന്ന് പറയാതെ തന്നെയും സഹോദരിയേയും മർദിക്കുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട നിഷ യാദവിന്റെ ഇളയ സഹോദരി ഗുഞ്ജ യാദവ് പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. തങ്ങളുടെ എതിർപ്പ് വകവെക്കാതെ പുരുഷ വനിതാ പൊലീസുകാർ ക്രൂരമായി മർദിച്ചെന്ന് ഗുഞ്ജ പറഞ്ഞു.
''ഞങ്ങൾ എതിർക്കാൻ ശ്രമിച്ചു. എന്റെ സഹോദരി അകത്തേക്കോടി വാതിൽ കുറ്റിയിടാൻ നോക്കിയെങ്കിലും പൊലീസ് അവളെ പിടികൂടി മർദിച്ചു. അവർ എന്നെയും അധിക്ഷേപിച്ചു. സഹായത്തിനായുള്ള എന്റെ സഹോദരിയുടെ കരച്ചിൽ പെട്ടെന്ന് നിലച്ചു''-ഗുഞ്ജ പറഞ്ഞു.
സഹോദരി ഓടിക്കയറിയ റൂമിലേക്ക് ചെന്നുനോക്കിയപ്പോൾ അവൾ ഫാനിൽ തൂങ്ങിക്കിടക്കുകയായിരുന്നു. അവളുടെ കഴുത്തിലെ കുരുക്ക് വളരെ അയഞ്ഞതായിരുന്നു. അവളുടെ കാലുകൾ അപ്പോഴും നിലത്ത് തട്ടുന്നുണ്ടായിരുന്നു-ഗുഞ്ജ പറഞ്ഞു.
എന്നാൽ കുടുംബത്തിന്റെ ആരോപണങ്ങൾ തള്ളുന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. നിഷയുടെ ശരീരത്തിൽ ആന്തരികമായോ ബാഹ്യമായോ യാതൊരു മുറിവുകളുമുണ്ടായിരുന്നില്ല എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മരണത്തിന്റെ കാരണം വ്യക്തമല്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് പറയുന്നു. തൊണ്ടയുടെ മുൻവശത്ത് ഒരു പോറലും താടിയെല്ലിന് 0.5 സെന്റമീറ്ററിൽ താഴെയുള്ള ഒരു ചതവുമാണ് നിഷക്ക് ആകെയുണ്ടായിരുന്ന പരിക്കുകൾ എന്നും റിപ്പോർട്ട് പറയുന്നു.
ഞായറാഴ്ച പിതാവിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസാണ് പെൺകുട്ടികളെ ക്രൂരമായി മർദിച്ചത്. കുടുംബത്തിന്റെ പരാതിയെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തിട്ടുണ്ട്. ആരോപണവിധേയനായ സയീദ് രാജാ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒയെ സസ്‌പെൻഡ് ചെയ്തു.