'നായിഡുവും നിതീഷും അസംതൃപ്തരായ ആത്മാക്കൾ': എൻ.ഡി.എയിലെ വകുപ്പ് വിഭജനത്തിന് പിന്നാലെ സഞ്ജയ് റാവത്ത്

''ബി.ജെ.പിക്ക് മുസ്‌ലിംകൾ വോട്ട് ചെയ്തിട്ടില്ലെന്നാണ് മോദി കരുതുന്നത്. അതുകൊണ്ടാണ് അവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തത് ''

Update: 2024-06-11 15:14 GMT
Editor : rishad | By : Web Desk
Advertising

മുംബൈ: എൻ.ഡി.എയിലെ വകുപ്പ് വിഭജനത്തിന് പിന്നാലെ ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും അസംതൃപ്തരായ ആത്മാക്കളായെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. 

എൻ.സി.പി തലവൻ ശരത് പവാറിനെ, പ്രധാനമന്ത്രി നരേന്ദ്ര മോദി അലഞ്ഞുതിരിയുന്ന ആത്മാവ് എന്ന് ഒരു റാലിയില്‍ വിശേഷിപ്പിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു സഞ്ജയ് റാവത്തിന്റെ പ്രതികരണം.

രാജ്യതാൽപര്യത്തിന് വിരുദ്ധമായാണ് കേന്ദ്രത്തിലെ എൻ.ഡി.എ സർക്കാർ പ്രവർത്തിക്കുന്നതെന്ന് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിന് തോന്നുന്നുണ്ടെങ്കിൽ അവരെ വലിച്ച് താഴെ ഇറക്കണമെന്നും റാവത്ത് പറഞ്ഞു.

'' കേന്ദ്രത്തിൽ രണ്ട് 'അതൃപ്ത ആത്മാക്കൾ' ഉണ്ട്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ടി.ഡി.പി മേധാവി ചന്ദ്രബാബു നായിഡുവുമാണത്. ബി.ജെ.പി ഈ രണ്ട് അതൃപ്ത ആത്മാക്കളെ തൃപ്തിപ്പെടുത്തണം. വകുപ്പ് വിഭജിച്ച രീതി നോക്കുകയാണെങ്കില്‍ എല്ലാ ആത്മാക്കളും അസംതൃപ്തരാണെന്നാണ് തോന്നുന്നത്. പ്രത്യേകിച്ച് എന്‍.ഡി.എയിലെ സഖ്യകക്ഷികള്‍''- റാവത്ത് പറഞ്ഞു. 

''നോക്കൂ, ജെ.ഡി.യുവിന്റെ ലാലൻ സിങ്ങിന് പഞ്ചായത്തിരാജ്, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര മന്ത്രാലയം എന്നിവയും ടി.ഡിപിയുടെ കെ രാംമോഹൻ നായിഡുവിന് സിവിൽ ഏവിയേഷൻ മന്ത്രാലയവുമാണ് വകുപ്പ് വിഭജനത്തില്‍ ലഭിച്ചത്. ജെഡി (എസ്) നേതാവ് എച്ച് ഡി കുമാരസ്വാമിക്ക് "ഏറ്റവും കൂടുതൽ നിരസിക്കപ്പെട്ട" വകുപ്പാണ് നല്‍കിയത്. ബി.ജെ.പിയാണ് എല്ലാം കൈവശപ്പെടുത്തിയത്''- റാവത്ത് പറഞ്ഞു. കുമാരസ്വാമിക്ക് ഘനവ്യവസായ, ഉരുക്ക് മന്ത്രാലയങ്ങളാണ് ലഭിച്ചത്. 

മന്ത്രിസഭയിൽ ഒരു മുസ്‌ലിം പ്രതിനിധിപോലും ഇല്ല. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് റാവത്ത് പറഞ്ഞു.  മുസ്‌ലിംകൾ ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ടില്ലെന്നാണ് മോദി കരുതുന്നത്. അതുകൊണ്ടാണ് അവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തത് എന്നും റാവത്ത് കൂട്ടിച്ചേർത്തു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News