ആന്ധ്രാപ്രദേശ് നൈപുണ്യ വികസന കോർപ്പറേഷൻ അഴിമതിയുടെ മുഖ്യ സൂത്രധാരൻ ചന്ദ്രബാബു നായിഡുവെന്ന് സി.ഐ.ഡി
നായിഡുവിനെ കസ്റ്റഡിയിൽ വേണമെന്ന് സി.ഐ.ഡി കോടതിയിൽ ആവശ്യപ്പെട്ടു
ആന്ധ്രാപ്രദേശ് നൈപുണ്യ വികസന കോർപ്പറേഷൻ അഴിമതിയുടെ മുഖ്യ സൂത്രധാരൻ മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവെന്ന് ആന്ധ്രാ സി.ഐ.ഡി. നായിഡുവിനെ കസ്റ്റഡിയിൽ വേണമെന്ന് സി.ഐ.ഡി കോടതിയിൽ ആവശ്യപ്പെട്ടു. അറസ്റ്റിനെതിരെ ആന്ധ്രയിൽ പ്രതിഷേധം തുടരുകയാണ്. നായിഡുവിന്റെ അറസ്റ്റിൽ രാഷ്ട്രപതി ഇടപെടണമെന്ന് ടി.ഡി.പി എംപിമാർ ആവശ്യപ്പെട്ടു.
ഇന്നലെ പുലർച്ചെ അറസ്റ്റ് ചെയ്ത ചന്ദ്രബാബു നായിഡുവിനെ ഇന്ന് രാവിലെയാണ് കോടതിയിൽ ഹാജരാക്കിയത്. അഴിമതിക്കേസുകൾ വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയിൽ ചന്ദ്രബാബു നായിഡുവിനെ ചോദ്യം ചെയ്യാൻ വിട്ടു നൽകണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടു. ആദ്യഘട്ടത്തിൽ സ്വയം വാദിച്ച ചന്ദ്രബാബു നായിഡു പിന്നീട് വാദം സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ സിദ്ധാർഥ് ലുത്രയെ ഏൽപ്പിച്ചു.
2021 ഡിസംബർ മാസത്തിൽ പൊലീസ് സമർപ്പിച്ച എഫ് ഐ ആറിൽ ചന്ദ്ര ബാബു നായിഡുവിന്റെ പേര് ഉണ്ടായിരുന്നില്ലെന്നും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പ്രതികാരം പുലർത്തിയാണ് ഇപ്പോഴത്തെ അറസ്റ്റ് എന്നും സി.ഐ.ഡി കോടതിയെ അറിയിച്ചു. എന്നാൽ വകുപ്പ് സെക്രട്ടറിയെ ചോദ്യം ചെയ്തപ്പോൾ അഴിമതിയുടെ സൂത്രധാരൻ നായിഡു ആണെന്ന് തെളിഞ്ഞെന്നും അതുകൊണ്ടാണ് ഉടൻ അറസ്റ്റ് ചെയ്‌തതെന്നും സിഐഡി കോടതിയിൽ വ്യക്തമാക്കി. അറസ്റ്റിൽ ടി.ഡി.പി ഉൾപ്പെടെ പ്രതിപക്ഷം പ്രതിഷേധിക്കുന്നതിനാൽ തമിഴ്‌നാടും കർണാടകയും ബസ് സർവീസ് നിർത്തിവച്ചു .