'വീട്ടിൽ പോയി പാചകം ചെയ്യൂ': വിവാദ പരാമർശത്തിൽ മാപ്പ് ചോദിച്ച് ബി.ജെ.പി നേതാവ്

എൻ.സി.പി എം.പി സുപ്രിയ സുലെയെ അധിക്ഷേപിച്ചത് ഏറെ വിവാദമായിരുന്നു

Update: 2022-05-29 14:44 GMT
Editor : Lissy P | By : Web Desk
Advertising

ഡല്‍ഹി: എൻ.സി.പി എം.പി സുപ്രിയ സുലെയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ മാപ്പ് ചോദിച്ച് മഹാരാഷ്ട്ര ബി.ജെ.പി നേതാവ് ചന്ദ്രകാന്ത് പാട്ടീൽ. 'രാഷ്ട്രീയം അറിയില്ലെങ്കിൽ വീട്ടിൽ പോയി പാചകം ചെയ്യുന്നതാണ് നല്ലത്' എന്നായിരുന്നു ചന്ദ്രകാന്ത് പാട്ടീലിന്റെ പരാമർശം.

പരാമർശം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ബി.ജെ.പി നേതാവ് പറഞ്ഞു. സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ ചന്ദ്രകാന്തിന് നോട്ടീസ് നൽകിയിരുന്നു. ഇതിന് മറുപടിയായാണ് മാപ്പ് പറഞ്ഞിരിക്കുന്നത്. സുലെയ്ക്കെതിരായ പരാമർശങ്ങളുടെ പേരിൽ കമ്മീഷൻ പാട്ടീലിന് നോട്ടീസ് അയച്ചിരുന്നുവെന്നും പ്രസ്താവനയിൽ ക്ഷമാപണം നടത്തിയാണ് അദ്ദേഹം പ്രതികരിച്ചതെന്നും മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ രൂപാലി ചകാങ്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഒ.ബി.സി ക്വാട്ടയ്ക്കായുള്ള മഹാരാഷ്ട്രയുടെ പോരാട്ടത്തെ മധ്യപ്രദേശിന്റെ സംവരണപോരാട്ടവുമായി സുലെ താരതമ്യപ്പെടുത്തിയിരുന്നു. ഒ.ബി.സി ക്വാട്ടയ്ക്ക് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്തിന് എങ്ങനെയാണ് സുപ്രിംകോടതിയിൽ നിന്നും പച്ച സിഗ്‌നൽ ലഭിച്ചതെന്ന് സുലെ ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് പാട്ടീലിന്റെ സ്ത്രീവിരുദ്ധ പരാമർശം.

ബി.ജെ.പി ഒരു സ്ത്രീവിരുദ്ധ പാർട്ടിയാണെന്ന് സുപ്രിയയുടെ ഭർത്താവ് സദാനന്ദ് സുലെ ട്വീറ്റ് ചെയ്തിരുന്നു. 'ഇന്ത്യയിലെ അനേകം കഠിനാധ്വാനികളും കഴിവുള്ളവരുമായ സ്ത്രീകളിൽ ഒരാളായ വീട്ടമ്മയും അമ്മയും നല്ല രാഷ്ട്രീയക്കാരിയുമായ എന്റെ ഭാര്യയെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. ബി.ജെ.പി നേതാവിന്റെ പരാമർശം എല്ലാ സ്ത്രീകളെയും അപമാനിക്കുന്നതിനാണെന്നും' സദാനന്ദ് ട്വീറ്റ് ചെയ്തു.

പൊതുവേദികളിൽ സ്ത്രീകളെ അപമാനിക്കുന്നതിനെതിരെ ബിൽ കൊണ്ടുവരുമെന്ന് ഡി.എം.കെ എം.പി കനിമൊഴിയും പ്രതികരിച്ചിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News