ചന്ദ്രയാൻ 3; സസ്പെൻസ് നിറഞ്ഞ അവസാന 15 മിനിറ്റ്, സജ്ജമെന്ന് ഐ.എസ്.ആർ.ഒ

ചന്ദ്രനിലേക്ക് ഇറങ്ങുന്ന പ്രക്രിയ ആരംഭിച്ചുകഴിഞ്ഞാല്‍ പിന്നെ മിഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ നിന്ന് പേടകത്തിന് നിര്‍ദേശങ്ങള്‍ നല്‍കാന്‍ സാധിക്കില്ല

Update: 2023-08-23 11:41 GMT
Advertising

ബഹിരാകാശ പര്യവേഷണത്തിൽ ഇന്ത്യ ചരിത്രം കുറിക്കാനൊരുങ്ങുകയാണ്. ഇന്ത്യയുടെ അഭിമാന പേടകമായ ചന്ദ്രയാൻ 3 ചന്ദ്രനിലിറങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ചന്ദ്രയാൻ ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ഇതുവരെ കൃത്യമായി സഞ്ചരിച്ച ചന്ദ്രയാൻ 3 പരിസമാപ്തിയിലേക്ക് എത്തുമ്പോള്‍ ഏറ്റവും സസ്‌പെന്‍സ് നിറഞ്ഞത് അവസാന 15 മിനിറ്റുകളാണ്.

ഏറ്റവും സങ്കീര്‍ണവും ആശങ്ക നിറഞ്ഞതുമായ ചന്ദ്രയാന്‍ 3 വിക്രം ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിങ് പ്രക്രിയയില്‍ അവസാനത്തെ 15 മിനിറ്റുകള്‍ സമ്പൂര്‍ണമായി നിയന്ത്രിക്കുക പേടകത്തിലെ കമ്പ്യൂട്ടർ ബുദ്ധിയാണ്. ചന്ദ്രനിലേക്ക് ഇറങ്ങുന്ന പ്രക്രിയ ആരംഭിച്ചുകഴിഞ്ഞാല്‍ പിന്നെ മിഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ നിന്ന് പേടകത്തിന് നിര്‍ദേശങ്ങള്‍ നല്‍കാന്‍ സാധിക്കില്ല. മുന്‍കൂട്ടി പ്രോഗ്രാം ചെയ്തു നല്‍കിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുക. 

ഇതുവരെ എല്ലാം കൃത്യമായ രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് ഐഎസ്ആർഒ സ്പേസ് ആപ്ലിക്കേഷൻ സെന്റർ ഡയറക്ടർ നിലേഷ് ദേശായി പറഞ്ഞു. ലാൻഡർ മൊഡ്യൂളിൽ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാൽ ആഗസറ്റ് 27 വരെയുള്ള ദിവസങ്ങളിലേക്ക് ലാൻഡിങ് മാറ്റാമെന്നും അദ്ദേഹം പറഞ്ഞു. 

ചന്ദ്രോപരിതലത്തിൽ നിന്നും 30 കിലോമീറ്റർ ഉയരത്തിലെത്തുമ്പോൾത്തന്നെ ഒന്നാം ഘട്ടമായി പേടകത്തിന്റെ വേഗത കുറച്ച് പവേഡ് ബ്രേക്കിങ് ആരംഭിക്കും. അത്രനേരം 90 ഡിഗ്രിയില്‍ തിരശ്ചീനമായി അതിവേഗത്തില്‍ സഞ്ചരിച്ചിരുന്ന ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രോപരിതലത്തിൽ ഇറങ്ങാന്‍ പാകത്തില്‍ ലംബമായ രീതിയിലേക്കു മാറ്റും. റഫ് ബ്രേക്കിങ് ഫെയ്‌സ് എന്ന ഈ ഘട്ടം 690 സെക്കന്‍ഡ് നീളും.

7.42 കിലോമീറ്റർ ഉയരത്തിലെത്തുമ്പോൾ രണ്ടാം ഘട്ടമായ ഓള്‍ട്ടി‌റ്റ്യൂഡ് ഹോള്‍ഡ് ഫെയ്‌സ് നടക്കും. ഇത് 10 സെക്കന്‍ഡ് നീളും. ചന്ദ്രനുമായുള്ള ഉയരം 6.8 കി.മീ. ആയി കുറയ്ക്കും. ഈ ഘട്ടത്തിലും ലാന്‍ഡര്‍ പതിയെ പതിയെ ചെരിവു നിവര്‍ത്തും. 

6.8 കിലോമീറ്റർ ഉയരത്തിലെത്തുമ്പോഴാണ് 175 സെക്കന്‍ഡ് നീളുന്ന ഫൈന്‍ ബ്രേക്കിങ് ഫെയ്‌സ് നടപ്പാക്കുക. ഇത്തവണ രണ്ട് ത്രസ്റ്റർ എൻജിനുകൾ പ്രവർത്തനരഹിതമാവുകയും മറ്റ് രണ്ട് എൻജിനുകൾ ഉപയോഗിച്ച് ലാൻഡർ നീങ്ങുകയും ചെയ്യും. ഇതോടെ ലാന്‍ഡര്‍ പൂര്‍ണമായി ചെരിവു നിവര്‍ത്തി വെര്‍ട്ടിക്കലാവും. ചന്ദ്രനോട് കൂടുതൽ അടുക്കുന്ന ടെര്‍മിനല്‍ ഡിസെന്റ് ആണ് അവസാനഘട്ടം. പരമാവധി വേഗം മണിക്കൂറില്‍ 10.8 കി.മീ. എന്ന രീതിയില്‍ ചന്ദ്രന്റെ ഉപരിതലത്തിലേക്ക്. ലാന്‍ഡര്‍ കാലുകള്‍ നിലത്തുറപ്പിക്കാന്‍ 12 ഡിഗ്രി ചെരിയുകയും നിലം തൊടുകയും ചെയ്യും. തുടര്‍ന്ന് 25-ന് മാത്രമേ ലാന്‍ഡറില്‍നിന്ന് റോവര്‍ പുറത്തുവരൂ.

150–100 മീറ്റർ ഉയരത്തിലെത്തുമ്പോൾ ലാൻഡർ സെൻസറും ക്യാമറയും ഉപയോഗിച്ച് പ്രതിബന്ധങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കും. പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് സെൻസർ കണ്ടെത്തിയാൽ മാത്രമേ ലാൻഡർ ഇറക്കുകയുള്ളു. അതുകൊണ്ടുതന്നെ ഈ അവസാന മിനിറ്റുകൾ നിർണായകമാണ്. ഇന്ന് വൈകീട്ട് 6.04നാണ് ലാൻഡിങ് സമയം നിശ്ചയിച്ചിരിക്കുന്നത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News