ചന്ദ്രയാൻ മൂന്നിന്റെ അഞ്ചാം ഭ്രമണപഥം ഉയർത്തൽ വിജയകരം; ശുഭപ്രതീക്ഷയിൽ ഐഎസ്ആർഒ
ആഗസ്റ്റ് ഒന്നിന് പേടകം ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് വിട്ട് ചാന്ദ്രവലയത്തിലേക്ക് യാത്ര തിരിക്കും
ന്യൂഡല്‍ഹി: ചന്ദ്രയാൻ മൂന്നിന്റെ അഞ്ചാം ഭ്രമണപഥം ഉയർത്തൽ വിജയകരം. ആഗസ്റ്റ് ഒന്നിന് പേടകം ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് വിട്ട് ചാന്ദ്രവലയത്തിലേക്ക് യാത്ര തിരിക്കും.
അഞ്ചാമത്തെതും അവസാനത്തേതുമായ ഭ്രമണപഥം ഉയർത്തൽ ആണ് ഇന്ന് നടന്നത്. ഭൂമിയോട് അടുത്ത ഭ്രമണപഥം 236 കിലോമീറ്ററിൽ എത്തിയതോടെ പ്രൊപ്പൽഷ്യൽ മോഡ്യൂൾ ജ്വലിപ്പിച്ച്,127606 കിലോമീറ്റർ ഭ്രമണപാതയിലേക്ക് ആണ് പേടകത്തെ ഉയർത്തിയത്. ഇനി ഭൂമിയെ വലയം ചെയ്ത് അടുത്തുള്ള ഭ്രമണപഥത്തിൽ എത്തുമ്പോൾ വീണ്ടും പ്രൊപ്പൽഷ്യൽ മൊഡ്യൂൾ ജ്വലിപ്പിച്ച് ചാന്ദ്ര വലയത്തിലേക്ക് പേടകം യാത്ര തിരിക്കും.
ആഗസ്റ്റ് ഒന്നിന് രാത്രി 12നും ഒരുമണിക്കും ഇടയിലാണ് ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ നടക്കുക. ഭൂമിയുടെ അടുത്ത ഭ്രമണപഥം 170 ൽ നിന്ന് 236 ആയും, അകലെയുള്ളത് 36,500ൽ നിന്ന് 127609ആയും മാറി. ഓഗസ്റ്റ് ആദ്യവാരം ചന്ദ്രനെ വലയം ചെയ്തു തുടങ്ങുന്ന പേടകം, അഞ്ചുതവണ വലം വെച്ച് ചാന്ദ്ര ഭ്രമണപഥം കുറച്ചു കൊണ്ടുവരും, 100 കിലോമീറ്റർ പരിധിയിൽ എത്തുമ്പോൾ പ്രോപ്പൽഷൻ മോഡ്യൂൾ ലാൻഡറുമായി വേർപ്പെടും, ഓഗസ്റ്റ് 23നാണ് സോഫ്റ്റ് ലാൻഡിങ് നടക്കുക. ചന്ദ്രയാൻ പേടകത്തിന്റെ ഇതുവരെയുള്ള പ്രയാണം ഐഎസ്ആർഒ പ്രതീക്ഷിച്ചത് പോലെ തന്നെ മുന്നോട്ടുപോയി.