ഇന്ത്യയുടെ അഭിമാനദൗത്യം ചന്ദ്രയാന്‍ മൂന്ന് ഭൂമിയുടെ ഭ്രമണപഥംവിട്ടു
പേടകം ചന്ദ്രന്റെ ഭ്രമണ പഥം ലക്ഷ്യമാക്കി നീങ്ങാൻ തുടങ്ങി. മൂന്ന് ലക്ഷത്തിലധികം കിലോമീറ്ററാണ് ഇനി ചന്ദ്രയാൻ മൂന്നിന് സഞ്ചരിക്കാനുള്ളത്.
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാനദൗത്യം ചന്ദ്രയാന്‍ മൂന്ന് ഭൂമിയുടെ ഭ്രമണപഥംവിട്ടു. പേടകം ചന്ദ്രന്റെ ഭ്രമണ പഥം ലക്ഷ്യമാക്കി നീങ്ങാൻ തുടങ്ങി. മൂന്ന് ലക്ഷത്തിലധികം കിലോമീറ്ററാണ് ഇനി ചന്ദ്രയാൻ മൂന്നിന് സഞ്ചരിക്കാനുള്ളത്.
ട്രാന്‍സ് ലൂണാര്‍ ഇന്‍ജെക്ഷന്‍ വിജയകരമായി പൂർത്തീകരിച്ചാണ് ചന്ദ്രയാൻ 3 ഭൂമിയുടെ ഭ്രമണപഥം വിട്ടത്. ഭ്രമണപഥമാറ്റം ഇരുപതു മിനിറ്റോളമെടുത്താണ് പൂർത്തിയാക്കിയത്. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലെ ലാം എന്‍ജിന്‍ 22 മിനിറ്റ് നേരം ജ്വലിപ്പിച്ചു.
പിന്നീട് ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി നീങ്ങി തുടങ്ങി. ജൂലൈ 14-ന് വിക്ഷേപിച്ച ചന്ദ്രയാൻ മൂന്ന് ഇത്രയും നാൾ ഭൂഗുരുത്വ ബലത്തിന്റെ സ്വാധീനത്തിലായിരുന്നു.ആദ്യം ഭൂമിക്ക് അടുത്തുള്ള പാര്‍ക്കിങ്ഓർബിറ്റിലിലായിരുന്നു പരിക്രമണം. ഘട്ടംഘട്ടമായി ഭൂമിയില്‍ നിന്ന് ദൂരെയുള്ള ഭ്രമണപഥത്തിലെത്തി. അഞ്ച് തവണ ഭ്രമണപഥമുയര്‍ത്തി.
അടുത്ത നാല് ദിവസം ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്റ്ററിയിലൂടെ ചന്ദ്രന്റെ അടുത്തേക്ക് നീങ്ങുന്ന പേടകം ഓഗസ്റ്റ് അഞ്ചോടെ ഭ്രമണപഥത്തില്‍ സഞ്ചാരം തുടങ്ങും. ഘട്ടം ഘട്ടമായി ഭ്രമണപഥം താഴ്ത്തുന്ന പ്രക്രിയ നടക്കും. ഓഗസ്റ്റ് 23 ന് സോഫ്റ്റ് ലാൻഡിങ് നടത്താനാകുമെന്ന് ഐഎസ്ആർഒ അറിയിച്ചു.