ചരൺജിത്ത് സിങ് ചന്നി; പഞ്ചാബിലെ ആദ്യ ദലിത് മുഖ്യമന്ത്രി
സംസ്ഥാന തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേയാണ് ചന്നി മുഖ്യമന്ത്രിയാകുന്നത്
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ചരൺജിത്ത് സിങ് ചന്നി പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം വഹിക്കുന്ന ദലിത് വിഭാഗത്തിൽനിന്നുള്ള ആദ്യ വ്യക്തി. സംസ്ഥാനത്തിന്റെ മൂന്നിലൊന്ന് ദലിത് വിഭാഗമുള്ള പഞ്ചാബിൽ കോൺഗ്രസ് സർക്കാറിൽ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു ഈ 48 കാരൻ.
ക്യാപ്റ്റൻ അമരീന്ദർ സിങ് വഴിമാറിയതോടെയാണ് സംസ്ഥാന തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ ചന്നി മുഖ്യമന്ത്രിയാകുന്നത്.
ചാംകൗർ സാഹിബ് നിയമസഭാ മണ്ഡലത്തിൽ നിന്ന് മൂന്നുവട്ടം എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ചന്നിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത വാർത്ത പഞ്ചാബ് കോൺഗ്രസ് ചുമതലയുള്ള ഹരീഷ് റാവത്ത് ട്വീറ്റ് ചെയ്യുകയായിരുന്നു.
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് മുമ്പിൽ കണ്ടാണ് ഭരണതലത്തിൽ കോൺഗ്രസ് മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ദലിത് മുഖ്യമന്ത്രിയെത്തുന്നതോടെ ദലിത്, സിഖ് വോട്ടുകൾ നേടാനാകുമെന്ന് നിരീക്ഷണമുണ്ട്.
നേരത്തെ സുഖ്ജിന്ദർ സിങ് മുഖ്യമന്ത്രിയാകുമെന്ന് വാർത്തകളുണ്ടായിരുന്നു. പല എം.എൽ.എമാരും അദ്ദേഹത്തെയാണ് പിന്തുണച്ചിരുന്നത്. അവസാന മിനുട്ടിലുണ്ടായ ഹൈക്കമാൻറ് ഇടപെടലിലാണ് ചന്നിക്ക് അവസരം ലഭിച്ചത്.
കോൺഗ്രസിലെ സിദ്ദു പക്ഷത്തെ പ്രമുഖനാണ് ചരൺജിത്ത് സിങ് ചന്ന. 2015-16 കാലയളവിൽ പ്രതിപക്ഷ നേതാവായിരുന്നു രാംദാസിയ സിഖ് വിഭാഗത്തിൽനിന്നുള്ള ഈ നേതാവ്. 2017 മാർച്ച് 16 നാണ് അമരീന്ദർ മന്ത്രിസഭയിൽ ചുമതലയേറ്റത്.
കമൽജിത്ത് കൗറാണ് ഭാര്യ. നവജിത് സിങ്, റിത്മിജിത്ത് സിങ് എന്നിവർ മക്കളാണ്.