കുനോയിൽ കാണാതായ പെൺചീറ്റയെ കണ്ടെത്തി: 22 ദിവസത്തെ തെരച്ചിൽ അവസാനിച്ചു
ജൂലൈ 21 ന് റേഡിയോ കോളർ പ്രവർത്തനരഹിതമായതിനെ തുടർന്നാണ് ചീറ്റക്കായി അന്വേഷണം തുടങ്ങിയത്
മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലെ കുനോ നാഷണൽ പാർക്കിൽ നിന്ന് കാണാതായ ദക്ഷിണാഫ്രിക്കൻ പെൺ ചീറ്റയെ കണ്ടെത്തി. ജൂലൈ 21 ന് റേഡിയോ കോളർ പ്രവർത്തനരഹിതമായതിനെ തുടർന്നാണ് ചീറ്റക്കായി അന്വേഷണം തുടങ്ങിയത്. 22 ദിവസത്തെ തിരച്ചിലിനൊടുവിൽ ഇന്ന് കണ്ടെത്തുകയായിരുന്നു.
കുനോ നാഷണൽ പാർക്കിലെ (കെഎൻപി) ധോരെത് റേഞ്ചിൽ രാവിലെ 10 മണിയോടെയാണ് 'നിർവ' എന്ന ചീറ്റയെ പിടികൂടിയത്. ചീറ്റയെ ആരോഗ്യപരിശോധനക്ക് വിധേയയാക്കി. ഓഫീസർമാർ, മൃഗഡോക്ടർമാർ, ചീറ്റ ട്രാക്കർമാർ എന്നിവരുൾപ്പെടെ 100-ലധികം ഫീൽഡ് സ്റ്റാഫുകൾ രാവും പകലും ഈ ചീറ്റക്കായി തെരച്ചിൽ നടത്തുകയായിരുന്നു. ഗ്രൗണ്ടിലുള്ള ടീമിന് പുറമെ രണ്ട് ഡ്രോൺ ടീമും ഒരു ഡോഗ് സ്ക്വാഡും ആനകളും തെരച്ചിൽ ടീമിലുണ്ടായിരുന്നു.
15-20 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് തിരച്ചിൽ നടത്തിയെന്ന് മധ്യപ്രദേശ് വനംവകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ചീറ്റയെ കണ്ടാൽ വിവരമറിയിക്കണമെന്ന് പ്രദേശവാസികൾക്കും നിർദേശം നൽകിയിരുന്നു. ആഗസ്ത് 12ന് സാറ്റലൈറ്റ് വഴി ചീറ്റയുടെ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചു. തുടർന്ന് ഇന്നലെ നടത്തിയ തെരച്ചിലിൽ ചീറ്റയെ കണ്ടെത്തിയെങ്കിലും പിടികൂടാനായില്ല.
ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ പുനരാരംഭിക്കുകയും ചീറ്റയെ പിടികൂടുകയുമായിരുന്നു. ഏകദേശം ആറുമണിക്കൂർ പരിശ്രമത്തിന് ശേഷമാണ് ചീറ്റയെ പിടികൂടിയത്. നിലവിൽ ചീറ്റക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നും കൂടുതൽ പരിശോധനകൾ നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു.