ചീറ്റപ്പുലികൾ നാളെയെത്തും; കൊണ്ടുവരുന്നത് പ്രത്യേക വിമാനത്തിൽ

നമീബിയയിൽ നിന്നും എത്തിക്കുന്ന ചീറ്റകളെ പ്രധാനമന്ത്രി ദേശീയോദ്യാനത്തിലേക്ക് തുറന്നുവിടും

Update: 2022-09-16 16:03 GMT
Advertising

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ 72-ാം ജന്മദിനമായ നാളെ ഇന്ത്യയിലേക്കെത്തുന്നത് എട്ട് ചീറ്റപ്പുലികൾ. ഇവയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം. കടുവയുടെ മുഖചിത്രം വരച്ച പ്രത്യേക വിമാനത്തിലാണ് ചീറ്റകളെ ഇന്ത്യയിലെത്തിക്കുന്നത്. അതിനായി ബി747 ജെബോ ജെറ്റ് വിമാനം നമീബിയയിൽ എത്തി. കടുവയുടെ മുഖം പെയിന്റ് ചെയ്ത വിമാനത്തിന്‍റെ ചിത്രങ്ങളും ഇന്നലെ പുറത്തുവിട്ടിരുന്നു. നാളെ എത്തുന്ന ചീറ്റകളെ പ്രധാനമന്ത്രി തന്നെയാണ് ദേശീയോദ്യാനത്തിലേക്ക് തുറന്നുവിടുന്നത്.

ഇന്ത്യയും നമീബിയയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിൽ എട്ട് ചീറ്റപ്പുലികളാണ് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് എത്തുന്നത്. അഞ്ച് പെൺ ചീറ്റകളും മൂന്ന് ആൺ ചീറ്റകളുമാണ് എത്തുന്നത്. ചീറ്റപ്പുലികളുടെ വീഡിയോ എഎൻഐ പുറത്തുവിട്ടിരുന്നു. നമീബിയയിലെ ദേശീയോദ്യാനത്തിൽ മരത്തിന് താഴെ വിശ്രമിക്കുന്ന രണ്ട് ചീറ്റപ്പുലികളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

രാജ്യത്ത് അവശേഷിച്ചിരുന്ന മൂന്ന് ചീറ്റകളെ മധ്യപ്രദേശിലെ കൊറിയയിലുള്ള മഹാരാജാ രാമാനുജ് പ്രതാപ് സിംഗ് ദേവ് 1947-ൽ കൊന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ 1952ലാണ്  രാജ്യത്ത് ചീറ്റയുടെ വംശനാശം സംഭവിച്ചതായി സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വംശനാശം സംഭവിച്ച വന്യജീവികളെയും ആവാസ വ്യവസ്ഥയേയും പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ടാണ് ഏഴ് പതിറ്റാണ്ടുകൾക്കപ്പുറം നമീബിയയിൽ നിന്ന് ചീറ്റകളെ ഇന്ത്യയിൽ എത്തിക്കുന്നത്. നിരവധി തവണ മുടങ്ങിപ്പോയ പദ്ധതിയാണ് ഇപ്പോൾ പൂർത്തീകരിക്കുന്നത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News