ഛത്തീസ്​ഗഢ് മുഖ്യമന്ത്രിക്ക് യുവാക്കളുടെ ചാട്ടവാറടി

ജഞ്ജ്ഗിരിയിൽ പ്രദേശവാസിയായ ബിരേന്ദർ താക്കൂർ എന്നയാളാണ് മുഖ്യമന്ത്രിയെ ചാട്ടവാറുകൊണ്ടടിച്ചത്.

Update: 2022-10-25 13:30 GMT
Advertising

റായ്പൂർ: പലയിടത്തും ശിക്ഷയുടെ ഭാ​ഗമായി പലരേയും ചാട്ടവാർ കൊണ്ടടിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ഒരു മുഖ്യമന്ത്രിക്ക് തന്നെ ചാട്ടവാറടിയേൽക്കുന്നു എന്നത് ഞെട്ടിക്കുന്ന കാര്യമാണ്. എന്നാൽ അങ്ങനെയൊരു സംഭവമുണ്ടായിരിക്കുന്നു. ഛത്തീസ്​ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാ​ഗേലിനാണ് ചാട്ടവാറടിയേറ്റത്.

നിരവധി തവണയാണ് മുഖ്യമന്ത്രിയെ രണ്ട് യുവാക്കൾ ചാട്ടവാറ് കൊണ്ടടിച്ചത്. ഇതിന്റെ വീഡിയോ മന്ത്രി തന്നെ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. എന്നാൽ കാര്യമായിട്ടായിരുന്നില്ല ഈ അടി. ദുർ​ഗ് ജില്ലയിലെ ജഞ്ജ്ഗിരി, കുമാരി ബസ്തി എന്നിവിടങ്ങളിൽ നടക്കുന്ന ഗൗരി- ഗൗര പൂജയ്ക്കിടെയായിരുന്നു ആചാരത്തിന്റെ ഭാ​ഗമായ ചാട്ടവാറടിയേൽക്കൽ.

ജഞ്ജ്ഗിരി വാസിയായ ബിരേന്ദർ താക്കൂർ എന്നയാളാണ് ആചാരത്തിന്റെ ഭാ​ഗമായി ചാട്ടവാറുകൊണ്ടടിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കുവച്ച ട്വീറ്റിൽ പറയുന്നു. കുമാരി ബസ്തിയിൽ മറ്റൊരാളും ഇത്തരത്തിൽ ചാട്ടവാറു കൊണ്ടടിച്ചു. അഞ്ച് തവണയാണ് അടിച്ചത്.‌ 'ജഞ്ജ്ഗിരിയിലും കുമാരി ബസ്തിയിലും പോയി ​ഗൗരി-​ഗൗര ആരാധന നടത്തിയ മുഖ്യമന്ത്രി സംസ്ഥാനത്തെ ജനങ്ങൾക്ക് സന്തോഷവും സമൃദ്ധിയും ആശംസിക്കുകയും ചെയ്തു'- ട്വീറ്റിൽ പറയുന്നു.

കഴിഞ്ഞവർഷം നവംബറിൽ ഗോവര്‍ധന്‍ പൂജ ആഘോഷത്തിനിടെ കലാകാരന്മാര്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ വീഡിയോ പുറത്തുവന്നിരുന്നു. അന്നും ജഞ്ജ്ഗിരി ഗ്രാമത്തിലായിരുന്നു ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ നൃത്തം.

പരമ്പരാഗത വസ്ത്രങ്ങളും കോണാകൃതിയിലുള്ള തൊപ്പിയും ധരിച്ച കലാകാരന്മാര്‍ വാദ്യോപകരണങ്ങള്‍ വായിക്കുന്നത് കണ്ട ഭൂപേഷ് ബാഗേല്‍ ആവേശം ഉള്‍ക്കൊണ്ട് നൃത്തം ചെയ്യുകയായിരുന്നു. മുഖ്യമന്ത്രിക്കൊപ്പമെത്തിയ സ്പീക്കര്‍ നര്‍ത്തകരെ പ്രത്യേകം അഭിനന്ദിച്ചു. ആഘോഷത്തിനിടെ പ്രദേശവാസി പകര്‍ത്തിയ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News