ഇരുണ്ട ചര്‍മമുള്ള സ്ത്രീകള്‍ക്ക് വിവേചനം നേരിടേണ്ടി വരുന്നു; ഭാര്യ വെളുത്തിരിക്കണമെന്ന ചിന്താഗതി അംഗീകരിക്കാനാവില്ലെന്ന് കോടതി
കറുത്ത നിറത്തിന്‍റെ പേരില്‍ താന്‍ അപമാനിക്കപ്പെട്ടുവെന്നും വീട്ടില്‍ നിന്നും പുറത്താക്കിയെന്നും ഭാര്യ പറഞ്ഞു
റായ്‍പൂര്‍: ചര്‍മത്തിന്‍റെ നിറത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനം ഇല്ലാതാക്കണമെന്ന് ഛത്തീസ്‍ഗഡ് ഹൈക്കോടതി. ഭര്‍ത്താവിന്‍റെ വിവാഹമോചന അപേക്ഷ നിരസിച്ചുകൊണ്ടുള്ള കുടുംബകോടതി വിധി ശരിവച്ചുകൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം. തൊലിയുടെ നിറം പങ്കാളിയെ തെരഞ്ഞെടുക്കുന്ന രീതി അവസാനിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഭാര്യ തന്നെ ഉപേക്ഷിച്ചുപോയെന്നാണ് ഭര്‍ത്താവ് കോടതയില്‍ വാദിച്ചത്. എന്നാല്‍ കറുത്ത നിറത്തിന്‍റെ പേരില്‍ താന്‍ അപമാനിക്കപ്പെട്ടുവെന്നും വീട്ടില്‍ നിന്നും പുറത്താക്കിയെന്നും ഭാര്യ പറഞ്ഞു. ജസ്റ്റിസ് ഗൗതം ഭാദുരി, ജസ്റ്റിസ് ദീപക് കുമാര്‍ തിവാരി എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. മനുഷ്യരാശിയുടെ നന്മക്ക് വീടുകളില്‍ ഇത്തരം വിഷയം സംസാരിക്കുന്നതും ചര്‍ച്ച ചെയ്യുന്നതും മാറ്റേണ്ടതുണ്ട്. വിവാഹ പങ്കാളികളെ തെരഞ്ഞെടുക്കുന്നതില്‍ ചര്‍മത്തിന്റെ നിറം വഹിക്കുന്ന പങ്കിനെക്കുറിച്ചുള്ള പഠനങ്ങളും ഫെയര്‍നസ് ക്രീമുകള്‍ സംബന്ധിച്ച ചര്‍ച്ചകളും കോടതി പരാമര്‍ശിച്ചു. ഡ്രഗ്‌സ് ആന്‍ഡ് മാജിക് റെമഡീസ് നിയമ ഭേദഗതി 2020 അനുസരിച്ച് സുന്ദരമായ ചര്‍മം ലഭിക്കുമെന്ന് അവകാശപ്പെടുന്ന പരസ്യങ്ങള്‍ നല്‍കിയാല്‍ അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിക്കാവുന്നതാണ്.
ഇരുണ്ട ചര്‍മമുള്ള സ്ത്രീകള്‍ പങ്കാളിയേക്കാള്‍ താഴ്ന്ന് നില്‍ക്കേണ്ടതായി വരുന്നു. ചര്‍മത്തിന് തിളക്കം നല്‍കുന്ന സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഭൂരിഭാഗവും ലക്ഷ്യമിടുന്നത് സ്ത്രീകളെയാണ്. ഇരുണ്ട നിറമുള്ള സ്ത്രീയെ ആത്മവിശ്വാസമില്ലാത്തവളും സുരക്ഷിതത്വമില്ലാത്തവളുമായി ചിത്രീകരിക്കുന്നു. സമൂഹത്തിന്റെ ഇത്തരം മാനസികാവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഭര്‍ത്താവിന്റെ ചിന്താഗതിയെ പ്രാത്സാഹിപ്പിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.