ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; 11 സുരക്ഷാസേനാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു
മാവോയിസ്റ്റു വിരുദ്ധ സേനാംഗങ്ങൾ സഞ്ചരിച്ചിരുന്ന വാഹനം കുഴിബോബ് സ്‌ഫോടനത്തിൽ തകരുകയായിരുന്നു
Update: 2023-04-26 12:56 GMT
ദില്ലി : ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിലെ അരൺപൂരിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ പതിനൊന്ന് പേർ വീരമൃത്യു വരിച്ചു. 10 പൊലീസുകാരും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. ഐഇഡി ഉപയോഗിച്ചായിരുന്നു സ്‌ഫോടനം.
മാവോയിസ്റ്റു വിരുദ്ധ സേനാംഗങ്ങൾ സഞ്ചരിച്ചിരുന്ന വാഹനം കുഴിബോബ് സ്‌ഫോടനത്തിൽ തകരുകയായിരുന്നു. മേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടർന്ന് തെരച്ചിൽ നടത്തി മടങ്ങുമ്പോഴായിരുന്നു സംഘത്തിന് നേരെ ആക്രമണം നടന്നത്.
ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. മാവോയിസ്റ്റുകൾക്ക് കനത്ത തിരിച്ചടി നൽകുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ പറഞ്ഞു.