കന്നുകാലി കർഷകരിൽ നിന്ന് ഗോമൂത്രം വാങ്ങാൻ ഛത്തീസ്ഗഢ്; രാജ്യത്തെ ആദ്യ പദ്ധതിയെന്ന് മുഖ്യമന്ത്രി
ചാണക സംഭരണത്തിനായി 'ഗൗധൻ ന്യായ് യോജന' ആരംഭിച്ച രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് ഛത്തീസ്ഗഡ്
റായ്പൂർ: കന്നുകാലി കർഷകരിൽ നിന്ന് ഗോമൂത്രം വാങ്ങുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. വടക്കൻ ഛത്തീസ്ഗഡിൽ നടക്കുന്ന 'മീറ്റ് ആന്റ് ഗ്രീറ്റ്' എന്ന ജനസമ്പർക്ക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ സംഭരിക്കുന്ന ഗോമൂത്രം ശുദ്ധീകരിച്ച് മരുന്നുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾ ഉൾപ്പടെയുള്ള ഗ്രാമീണർക്ക് വരുമാനം വർധിപ്പിക്കുന്നതും മെച്ചപ്പെട്ട പശു സംരക്ഷണത്തിന് വഴിയൊരുക്കുന്നതുമായ രാജ്യത്തെ ആദ്യ പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു.
ചാണക സംഭരണത്തിനായി 2020 ജൂൺ 25-ന് 'ഗൗധൻ ന്യായ് യോജന' ആരംഭിച്ച രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് ഛത്തീസ്ഗഡ്. പശുക്കളെ വളർത്തുന്നവരിൽ നിന്ന് കിലോഗ്രാമിന് രണ്ട് രൂപ നിരക്കിലാണ് സർക്കാർ ഇപ്പോൾ ചാണകം സംഭരിക്കുന്നത്. ഇങ്ങനെ സംഭരിക്കുന്ന ചാണകം ജൈവകൃഷിക്ക് മണ്ണിര കമ്പോസ്റ്റ് തയ്യാറാക്കാനാണ് ഉപയോഗിക്കുന്നത്.
ഛത്തീസ്ഗഢ് ഈ പദ്ധതി ആരംഭിച്ചതിന് പിന്നാലെ, സംസ്ഥാനത്തെ അലഞ്ഞുതിരിയുന്ന കന്നുകാലി ശല്യം നേരിടാൻ ചാണകം സംഭരിക്കാനുള്ള പദ്ധതി ആരംഭിക്കാനുള്ള ആലോചനയിലാണ് ഉത്തർപ്രദേശ് സർക്കാറും.