ദലിത് യുവതിക്കെതിരെ ജാതി അധിക്ഷേപം; ചിദംബരം ക്ഷേത്രത്തിലെ 20 പൂജാരിമാര്‍ക്കെതിരെ കേസ്
ക്ഷേത്ര സമുച്ചയത്തിനുള്ളിലെ കനക സഭയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ദലിത് സ്ത്രീയെ അധിക്ഷേപിച്ചതിനാണ് പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമ പ്രകാരം കേസെടുത്തത്
ജാതി അധിക്ഷേപം നടത്തിയതിന് തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിലെ പ്രസിദ്ധമായ ചിദംബരം നടരാജ ക്ഷേത്രത്തിലെ 20 പുരോഹിതർക്കെതിരെ പൊലീസ് കേസെടുത്തു. ക്ഷേത്ര സമുച്ചയത്തിനുള്ളിലെ കനക സഭയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ദലിത് സ്ത്രീയെ അധിക്ഷേപിച്ചതിനാണ് പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമ പ്രകാരം കേസെടുത്തത്.
ചിദംബരം ക്ഷേത്രത്തില്‍ ഭഗവാന്‍റെ വിഗ്രഹമിരിക്കുന്ന സ്ഥലം ചിറ്റമ്പലം (ചിത് സഭ) എന്നാണറിയപ്പെടുന്നത്. ഇതിനു ചുറ്റുമുളള സ്ഥലമാണ് കനകസഭ. കനകസഭയിലാണ് ക്ഷേത്രത്തിലെ പൂജകൾ നടക്കുന്നത്. ഫ്രെബുവരി 13ന് നടന്ന സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു കൂട്ടം പുരോഹിതന്‍മാര്‍ ചേര്‍ന്ന് യുവതിയോട് ആക്രോശിക്കുകയും ക്ഷേത്രത്തിനുള്ളില്‍ നിന്നും ഓടിക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്ന് ചിദംബരം ടൗൺ പൊലീസ് സ്ഥിരീകരിച്ചെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അറിയിച്ചു.
ലക്ഷ്മി ജയശീല എന്ന യുവതിയാണ് അധിക്ഷേപത്തിന് ഇരയായത്. താൻ ഒരു കടുത്ത ഭക്തയാണെന്നും കഴിഞ്ഞ 20 വർഷമായി ക്ഷേത്രം സന്ദർശിക്കുന്നുണ്ടെന്നും ലക്ഷ്മി പറഞ്ഞു. ''നേരത്തെ ഭഗവാനെ കാണാനായി കനകസഭയില്‍ പ്രവേശിക്കാമായിരുന്നു. കോവിഡ് കാരണം കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രവേശനം അനുവദിച്ചിരുന്നില്ല. ഭക്തരെ കടത്തിവിടാന്‍ കഴിഞ്ഞ നാലു മാസമായി താന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും പുരോഹിതന്‍മാര്‍ ഓരോ ഒഴിവുകഴിവുകള്‍ പറയുകയാണെന്ന് ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
''ഞാൻ മാത്രമല്ല ഇത് ആവശ്യപ്പെടുന്നത്. ക്ഷേത്രത്തിലെത്തുന്ന നിരവധി ഭക്തരും ഈ അഭ്യർത്ഥന നടത്തിയെങ്കിലും അവർ അവഗണിക്കുകയാണ്. സർക്കാർ ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങളെക്കുറിച്ച് എനിക്കറിയാം. എന്നാൽ അവ ഇപ്പോൾ പിൻവലിച്ചിരിക്കുന്നു.കനകസഭയിലേക്ക് ആളുകൾ പ്രവേശിക്കാൻ ആഗ്രഹിക്കുന്നതിന് ഒരു കാരണമുണ്ട്.നിങ്ങൾ അവിടെ നിന്ന് ശിവനെ നോക്കി പ്രാർത്ഥിക്കുമ്പോൾ ഞങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതൊരു വേറിട്ട അനുഭവമാണ്'' ലക്ഷ്മി പറയുന്നു. ഫെബ്രുവരി 13ന് താൻ വീണ്ടും അഭ്യര്‍ഥിച്ചപ്പോള്‍ രോഷാകുലരായ പൂജാരിമാർ ജാതി അധിക്ഷേപം നടത്തുകയും ബലം പ്രയോഗിച്ച് പുറത്താക്കാൻ ശ്രമിക്കുകയും ചെയ്തതായി ജയശീല പറയുന്നു.
"ഞാൻ ക്ഷേത്രത്തിൽ നിന്ന് വെള്ളി മോഷ്ടിക്കാൻ ശ്രമിച്ചുവെന്ന് പൂജാരിമാര്‍ ആരോപിച്ചു. എന്നാൽ പൊലീസ് വന്നപ്പോൾ ഞാൻ അവർക്ക് ഒരു സഹോദരിയെപ്പോലെയാണെന്നാണ് പറഞ്ഞത്. ഞാനൊന്നും മോഷ്ടിച്ചിട്ടില്ല. എന്‍റെ അവകാശങ്ങള്‍ക്കു വേണ്ടി മാത്രമാണ് ഞാന്‍ സംസാരിച്ചത്'' ലക്ഷ്മി പറഞ്ഞു. ഇവർക്കെതിരെ ഔദ്യോഗികമായി പരാതിയൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ചിദംബരം പൊലീസ് അറിയിച്ചു.