‘ജഡ്ജിമാർ ജനങ്ങളുടെ സേവകർ’; ബേലൂർ മഠം സന്ദർശിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്

‘കോടതിയെ നീതിയുടെ ക്ഷേത്രമായും ജഡ്ജിമാരെ ദൈവങ്ങളായും കാണുന്നത് അപകടകരം’

Update: 2024-06-29 10:44 GMT
Advertising

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബേലൂർ മഠം സന്ദർശിച്ച് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്. രാമകൃഷ്ണ മിഷൻ പ്രസിഡന്റ് സ്വാമി ഗൗതമാനന്ദ ജി മഹാരാജിന്റെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു.

രാമകൃഷ്ണ മഠത്തിന്റെയും രാമകൃഷ്ണ മിഷന്റെയും ആസ്ഥാനമാണ് ബേലൂർ മഠം. രാമകൃഷ്ണ പരമഹംസരുടെ പ്രധാന ശിഷ്യനായ സ്വാമി വിവേകാനന്ദനാണ് ഇതിന്റെ സ്ഥാപകൻ. ബേലൂരിൽ ഹൂഗ്ലി നദിക്ക് സമീപമാണ് മഠം. 1897ലാണ് ഇത് സ്ഥാപിക്കുന്നത്. ഹിന്ദു, ഇസ്‍ലാമിക്, ബുദ്ധിസ്റ്റ്, ക്രിസ്ത്യൻ വാസ്തുശിൽപ ശൈലികൾ ഇഴചേർത്താണ് ഇതിന്റെ നിർമാണം.

കൊൽക്കത്തയിലെ നാഷനൽ ജുഡീഷ്യൽ അക്കാദമിയിൽ നടന്ന കോൺഫറൻസിലും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് പ​ങ്കെടുത്തു. കോടതിയെ നീതിയുടെ ക്ഷേത്രമായും ജഡ്ജിമാരെ ദൈവങ്ങളായും കാണുന്നത് അപകടകരമാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സേവകരാണ് ജഡ്ജിമാർ.

മറ്റുള്ളവരെ സേവിക്കാനുള്ള ആളുകളായി സ്വയം കണക്കാക്കുമ്പോൾ നിങ്ങളിൽ അനുകമ്പയും സഹാനുഭൂതിയുമുണ്ടാകും. ക്രമിനൽ കേസിൽ ആളുകളെ ശിക്ഷിക്കുമ്പോൾ പോലും ജഡ്ജിമാർ അനുകമ്പയോടെയാണ് ചെയ്യുന്നത്. ആത്യന്തികമായി ശിക്ഷിക്കപ്പെടുന്നത് ഒരു മനുഷ്യനാണ്. വൈവിധ്യം, ഉൾക്കൊള്ളൽ, സഹിഷ്ണുത എന്നിവ പോലെയുള്ള ഭരണഘടനാ ധാർമികതയുടെ പ്രധാന്യം തിരിച്ചറിയേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News