സുപ്രിം കോടതിയിലെ പാചകക്കാരന്റെ മകള്‍ക്ക് നിയമത്തില്‍ ഉന്നത സ്‌കോളര്‍ഷിപ്പ്; അഭിനന്ദനവുമായി ചീഫ് ജസ്റ്റിസും ജഡ്ജിമാരും
ചീഫ് ജസ്റ്റിസ് അടക്കമുള്ള ജഡ്ജിമാര്‍ ഒത്തുകൂടുകയും കൈയ്യടികളോടെ പ്രഗ്യക്ക് ആശംസകള്‍ നേരുകയും ചെയ്തു.
ന്യൂഡല്‍ഹി: സുപ്രിം കോടതിയിലെ പാചകക്കാരന്റെ മകള്‍ക്ക് നിയമത്തില്‍ ഉന്നത സ്‌കോളര്‍ഷിപ്പ് കിട്ടിയതില്‍ അഭിനന്ദനവുമായി സുപ്രിം കോടതി ചീഫ് ജസ്റ്റിസും മറ്റ് ജഡ്ജിമാരും. യു.എസിലെ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലും യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗനിലും സ്‌കോളര്‍ഷിപ്പോടെ ബിരുദാനന്തരബിരുദം ചെയ്യാന്‍ അവസരം ലഭിച്ച പ്രഗ്യയാണ് ജഡ്ജിമാരുടെ അഭിനന്ദന പ്രവാഹം ഏറ്റുവാങ്ങിയത്.
സുപ്രിം കോടതിയിലെ പാചകക്കാരനായ അജയ് കുമര്‍ സമലിന്റെ മകളാണ് 25 കാരിയായ പ്രഗ്യ. ഔദ്യോഗിക ജോലികളിലേക്ക് കടക്കുന്നതിന് മുമ്പായി ചീഫ് ജസ്റ്റിസ് അടക്കമുള്ള ജഡ്ജിമാര്‍ ഒത്തുകൂടുകയും കൈയ്യടികളോടെ പ്രഗ്യക്ക് ആശംസകള്‍ നേരുകയും ചെയ്തു.
'പഗ്യ സ്വയം ചിലതെല്ലാം ചെയ്യുമെന്ന് ഞങ്ങള്‍ക്കറിയാം. എങ്കിലും ആവശ്യമായതെല്ലാം അവള്‍ കൈകാര്യം ചെയ്യുന്നുണ്ടോ എന്നത് ഞങ്ങള്‍ ഉറപ്പുവരുത്തും. രാജ്യത്തെ സേവിക്കാനായി അവള്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു' ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് പറഞ്ഞു.
കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ ഒപ്പുവെച്ച ഭരണഘടനാ സംബന്ധിയായ മൂന്ന് പുസ്തകങ്ങളും ചീഫ് ജസ്റ്റിസ് പ്രഗ്യക്ക് കൈമാറി. കൂടാതെ പ്രഗ്യയുടെ മാതാപിതാക്കളെ ആദരസൂചകമായി ഷാള്‍ അണിയിച്ചു.
'അച്ഛന് സുപ്രിംകോടതിയില്‍ ജോലിയായതിനാല്‍ തന്നെ ചുറ്റിലും എന്നും അഭിഭാഷകരും ജസ്റ്റിസുമാരും ആയിരുന്നു. ഇത് തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ചീഫ്ജസ്റ്റിസ് തനിക്കെന്നും പ്രചാദനവും മാതൃകയുമാണ്' പ്രഗ്യ പറഞ്ഞു.