പ്രതിപക്ഷത്തെ അടിച്ചമർത്തി ആന്ധ്രാ സർക്കാർ; ഒരാഴ്ചയ്ക്കിടെ 147 കേസുകളും 49 അറസ്റ്റും രേഖപ്പെടുത്തി
വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ അനുഭാവികൾക്കെതിരെയാണ് സർക്കാർ നടപടിയെടുത്തത്
അമരാവതി: പ്രതിപക്ഷമായ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയെ വ്യപകമായി അടിച്ചമർത്തി ആന്ധ്രാ സർക്കാർ. തെലുങ്ക് ദേശം പാർട്ടിയിലെ നേതാക്കളുടെ ഭാര്യമാരെയും പെൺമക്കളെയും അപകീർത്തിപ്പെടുത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്‌തു എന്ന് ആരോപിച്ചാണ് നടപടി. വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ അനുഭാവികൾക്കെതിരെയാണ് സർക്കാർ നടപടിയെടുത്തത്.
നവംബർ ആറ് മുതൽ 12 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാന പൊലീസ് 680 നോട്ടീസുകൾ പുറപ്പെടുവിക്കുകയും 147 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് 49 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ, അപകീർത്തിപ്പെടുത്തൽ, പൊതു ദ്രോഹം, ക്രിമിനൽ ഗൂഢാലോചന, ചിത്രങ്ങൾ മോർഫ് ചെയ്യൽ എന്നിവയുമായി ബന്ധപ്പെട്ടുള്ള ബിഎൻഎസ് വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ആഭ്യന്തരമന്ത്രി വി. അനിത, ടിഡിപി എംഎൽഎയും നടനുമായ എൻ ബാലകൃഷ്ണയുടെ ഭാര്യ വസുന്ധര, മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിൻ്റെ ഭാര്യ ഭുവനേശ്വരി, ഉപമുഖ്യമന്ത്രിയും ജനസേന പാർട്ടി അധ്യക്ഷനുമായ പവൻ കല്യാണിന്റെ മകൾ, ആന്ധ്രാപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് വൈ. എസ്. ശർമിള, അമ്മ വൈ. എസ് വിജയമ്മ എന്നിവരെയാണ് സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തിയത്.
വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ സോഷ്യൽ മീഡിയ പ്രവർത്തകരായ വർര രവീന്ദർ റെഡ്ഡി, ഇന്തൂരി രവി കിരൺ, കല്ലം ഹരികൃഷ്ണ റെഡ്ഡി, പെഡ്ഡിറെഡ്ഡി സുധാ റാണി, മേക്ക വെങ്കട്ട് രാമി റെഡ്ഡി എന്നിവർക്കെതിരെയാണ് ഐടി ആക്ട് പ്രകാരം പൊലീസ് കേസെടുത്തത്. പ്രതികളിലൊരാളായ രവീന്ദർ റെഡ്ഡി വൈഎസ്ആർ പാർട്ടിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന ആളാണെന്ന് കുർണൂൽ റേഞ്ച് ഡിഐജി കോയ പ്രവീൺ പറഞ്ഞു.
'പ്രതിപക്ഷ നേതാക്കളുടെ തമാശകളും കാരിക്കേച്ചറുകളും പോസ്റ്റുചെയ്യുന്നത് നല്ലതാണ്, എന്നാൽ അവരുടെ കുടുംബത്തിലെ സ്ത്രീകളെ ലക്ഷ്യമിട്ട് അശ്ലീലമായ പോസ്റ്റുകൾ സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുന്നത് അതിരുകടക്കുന്നുണ്ട്' എന്ന് ടിഡിപി നേതാവ് അനം വെങ്കട രമണ റെഡ്ഡി പറഞ്ഞു. സംസ്ഥാന സർക്കാർ ഇത്തരം പോസ്റ്റുകൾ അവഗണിച്ചിരുന്നു, എന്നാൽ കാലക്രമേണ അവർ യുദ്ധം ചെയ്യുന്നവരായി മാറിയെന്നും റെഡ്ഡി കൂട്ടിച്ചേർത്തു.