സുപ്രീം കോടതി ജഡ്ജി നിയമനം; വാർത്തകളിൽ അതൃപ്തി പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ്
അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് പ്രചാരണങ്ങളുണ്ടാകുന്നത് വിപരീത ഫലമുണ്ടാക്കുമെന്ന് എന്‍.വി രമണ പറഞ്ഞു.
സുപ്രീം കോടതി ജഡ്ജിമാരുടെ നിയമന പട്ടികയുമായി ബന്ധപ്പെട്ട വാർത്തകളിൽ അതൃപ്തി പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ് എൻ.വി രമണ. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട നടപടികൾ പവിത്രതയുള്ളതാണ്. അതിനെ മാധ്യമസുഹൃത്തുക്കൾ മാനിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് നവീൻ സിൻഹയ്ക്ക് നൽകിയ യാത്രയയപ്പ് ചടങ്ങിലാണ് ചീഫ് ജസ്റ്റിസിന്‍റെ പരാമർശം.
ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട നടപടികൾ തുടരുകയാണ്. കൊളീജിയത്തിന് മുന്നിലിരിക്കുന്ന വിഷയത്തിൽ തീരുമാനമെടുക്കുന്നതിന് മുൻപ് പ്രചാരണങ്ങൾ ഉണ്ടാകുന്നത് വിപരീത ഫലമുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്ന് വനിതകള്‍ ഉള്‍പ്പടെ ഒമ്പത് പേരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാന്‍ ചീഫ് ജസ്റ്റിസ് എന്‍. വി രമണ അധ്യക്ഷനായ കൊളീജിയം ശിപാര്‍ശ നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇന്ത്യയുടെ ആദ്യ വനിത ചീഫ് ജസ്റ്റിസാകാന്‍ സാധ്യതയുള്ള, കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് ബി.വി. നാഗരത്ന, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബേല ത്രിവേദി എന്നിവരാണ് കൊളീജിയം പട്ടികയിലുള്ള വനിതകള്‍. കേരള ഹൈക്കോടതിയിലെ സീനിയോറിറ്റിയില്‍ രണ്ടാമനായ ജസ്റ്റിസ് സി. ടി രവികുമാറും പട്ടികയിലുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.