ചൈനയിലെ കോവിഡ് സാഹചര്യത്തിൽ ഭയം വേണ്ട; അഡാർ പൂനാവാല
ഇന്ത്യയിൽ രോഗനിർണയവും വാക്‌സിനേഷനും കാര്യക്ഷമമാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പൂനാവാല
ന്യൂഡൽഹി; ചൈനയിൽ കോവിഡ് കേസുകൾ വർധിക്കുന്നതിൽ ആശങ്ക വേണ്ടെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അഡാർ പൂനാവാല. ഇന്ത്യയിൽ രോഗനിർണയവും വാക്‌സിനേഷനും കാര്യക്ഷമമാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പൂനാവാല ട്വീറ്റ് ചെയ്തു.
"ഇന്ത്യയിൽ വാക്‌സിനേഷനും രോഗനിർണയവും കാര്യക്ഷമമായതിനാൽ ചൈനയിൽ കോവിഡ് കേസുകൾ വർധിക്കുന്നു എന്നതിൽ ആശങ്കപ്പെടേണ്ട ആവശ്യമില്ല. സർക്കാർ നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നതിൽ ശ്രദ്ധ ചെലുത്തുകയാണ് ഈ അവസരത്തിൽ ചെയ്യേണ്ടത്". പൂനാവാല ട്വിറ്ററിൽ കുറിച്ചു.
നിലവിൽ പ്രതിദിനം 2000 കേസുകൾ ചൈനയിൽ സ്ഥിരീകരിക്കപ്പെടുന്നുണ്ടെന്നാണ് ഹോങ് കോങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇതിലും കൂടുതലാണ് പ്രതിദിന കോവിഡ് കേസുകളെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. നിലവിലെ സാഹചര്യത്തിൽ ചൈനയിൽ 60 ശതമാനം ആളുകളെയും ലോകത്ത് 10 ശതമാനം ആളുകളെയും രോഗം ബാധിച്ചേക്കാമെന്നും നിരവധി ആളുകൾ മരണപ്പെട്ടേക്കാമെന്നുമാണ് ചൈനയിലെ മുൻ ഇന്ത്യൻ നയതന്ത്രപ്രതിനിധി കെ.പി ഫാബിയാൻ അറിയിച്ചത്. ചൈനയിലെ കോവിഡ് പ്രതിരോധരീതികൾ മികച്ചതാണെന്ന് പറയാൻ കഴിയില്ലെന്നും ചൈനീസ് വാക്‌സീനുകൾ ഫലം നൽകുന്നതായി തോന്നിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ചൈനയെ കൂടാതെ മറ്റ് പല രാജ്യങ്ങളിലും കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ പുതിയ വേരിയന്റുകൾ ഉണ്ടോ എന്ന് നിരീക്ഷിക്കുന്നതിനായി റിപ്പോർട്ട് ചെയ്ത എല്ലാ കേസുകളുടെയും സാംപിളുകൾ അയയ്ക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിരുന്നു. ജപ്പാൻ,യുഎസ്,ബ്രസീൽ,ചൈന എന്നിവിടങ്ങളിൽ നിലവിലെ കോവിഡ് സാഹചര്യം ആശങ്കാജനകമായതിനാൽ സാംപിളുകളുടെ ജീനോം സീക്വൻസിങ് നടത്തേണ്ടത് അനിവാര്യമായിരിക്കുകയാണെന്നും ഇൻസാകോഗ് നെറ്റ്‌വർക്കിന് കീഴിലുള്ള ലാബുകളിൽ നടത്തുമെന്നുമാണ് യൂണിയൻ ഹെൽത്ത് സെക്രട്ടറി രാജേഷ് ഭൂഷൺ ചൊവ്വാഴ്ച അറിയിച്ചത്.
ഇന്ത്യൻ SARS-CoV-2 ജീനോമിക്‌സ് കൺസോർഷ്യം അല്ലെങ്കിൽ ഇന്സാകോഗ്, കോവിഡ് 19 വൈറസിലെ ജീനോമിക് വ്യതിയാനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള 50ലധികം ലബോറട്ടറികളുടെ കൂട്ടായ്മയാണ്. പുതിയ വൈറസ് വകഭേദങ്ങളുടെ സവിശേഷതകൾ മനസ്സിലാക്കാനും തിരിച്ചറിയാനും എല്ലാ പോസിറ്റീവ് കേസുകളുടെയും സാംപിളുകൾ ലാബുകളിലേക്ക് അയ്ക്കണമെന്നാണ് നിർദേശം. ആഗോളതലത്തിൽ ഓരോ ആഴ്ചയും 35 ലക്ഷം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതായാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
കോവിഡ് സാഹചര്യം വിലയിരുത്തുന്നതിന് ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു.