ചൈന, ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥരും പെഗാസസ് ലിസ്റ്റിലെന്ന് റിപ്പോർട്ട്
പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മുൻപ് ഉപയോഗിച്ചിരുന്ന ഫോൺ നമ്പറും പെഗാസസ് ലിസ്റ്റിൽ ഉണ്ടായിരുന്നതായി വാഷിംഗ്‌ടൺ പോസ്റ്റും ലെ മോൺടേയും റിപ്പോർട്ട് ചെയ്തു
പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മുൻപ് ഉപയോഗിച്ചിരുന്ന നമ്പറും ഇന്ത്യയിലെ ചൈന, ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥരെയും പെഗാസസ് സ്പൈവെയർ ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ട്. പാരീസ് ആസ്ഥാനമായ ഫോർബിഡൻ സ്റ്റോറീസ്, ആംനസ്റ്റി ഇന്റർനാഷണൽ എന്നിവർക്ക് ലഭ്യമായ പെഗാസസിന്റെ നിർമാതാക്കളായ എൻ.എസ്.ഓ നിരീക്ഷിക്കുന്ന അമ്പതിനായിരം ഫോൺ നമ്പറുകളുടെ വിശദാംശങ്ങളിലാണ് ഈ വിവരങ്ങളുള്ളത്. ഇന്ത്യയിൽ നിന്നുള്ള ആയിരത്തിലധികം പേരുടെ ഫോൺ വിവരങ്ങൾ ലിസ്റ്റിലുണ്ടെന്ന് രേഖകൾ പരിശോധിച്ച പതിനേഴ് മാധ്യമ സ്ഥാപനങ്ങൾ റിപ്പോർട്ട് ചെയ്തു.
പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മുൻപ് ഉപയോഗിച്ചിരുന്ന ഫോൺ നമ്പറും പെഗാസസ് ലിസ്റ്റിൽ ഉണ്ടായിരുന്നതായി വാഷിംഗ്‌ടൺ പോസ്റ്റും ലെ മോൺടേയും റിപ്പോർട്ട് ചെയ്തു. " ഏറ്റവും കൂടുതൽ നിരീക്ഷിക്കപ്പെട്ട രാജ്യം പാകിസ്താനാണ്" - ലെ മോണ്ടെ റിപ്പോർട്ടിൽ പറയുന്നു.
ഇമ്രാൻ ഖാന്റെ നമ്പറുകളും അദ്ദേഹത്തിന്റെ ഇന്ത്യയിലെ അംബാസിഡർമാരുടെയും ഫോൺ നമ്പറുകളും പെഗാസസ് ലിസ്റ്റിലുണ്ട്. ഇറാൻ, അഫ്ഘാനിസ്ഥാൻ , ചൈന,നേപ്പാൾ,സൗദി അറേബ്യ എന്നിവിടങ്ങളിലെ അംബാസഡർമാരും നയതന്ത്ര ഉദ്യോഗസ്ഥരും ലിസ്റ്റിലുണ്ട്" - റിപ്പോർട്ടിൽ പറയുന്നു. നയതന്ത്ര ഉദ്യോഗസ്ഥരുടെ വിവരങ്ങൾ പെഗാസസ് ലിസ്റ്റിൽ ഉൾപ്പെട്ടതിനെ സംബന്ധിച്ച് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. നയതന്ത്ര ഉദ്യോഗസ്ഥരെ നിരീക്ഷണത്തിന് വിധേയമാക്കുന്നത് ആഗോള തലത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്ത കാര്യമാണ്.