അതിർത്തിയിൽ ചൈനയുടെ പ്രകോപനം വീണ്ടും; രണ്ട് നഗരങ്ങൾക്ക് 'സിറ്റി' പദവി നൽകി വികസിപ്പിക്കാൻ നീക്കം
അരുണാചൽ പ്രദേശിന്റെ ഭാഗമായ 11 സ്ഥലങ്ങളുടെ പേരുകൾ ചൈനീസ് ഭാഷയിലേക്കു മാറ്റി തിങ്കളാഴ്ച ചൈനീസ് സിവിൽ അഫയേഴ്‌സ് മന്ത്രാലയം പ്രസ്താവന പുറപ്പെടുവിച്ചതിനു പിന്നാലെയാണ് പുതിയ പ്രകോപനം
അരുണാചൽ പ്രദേശിലെ അതിർത്തി മേഖലയ്ക്കു സമീപമുള്ള രണ്ട് നഗരങ്ങളിൽ വൻ തോതിൽ നിക്ഷേപം നടത്താൻ ചൈനയുടെ തീരുമാനം. കിഴക്കൻ ടിബറ്റിന്റെ ഭാഗമായ മിലിൻ (Milin) കുവോന (Cuona) ടൗണുകൾക്ക് സിറ്റി പദവി നൽകാനും വൻതോതിൽ നിക്ഷേപം ആകർഷിക്കാനും തീരുമാനിച്ചതായി ചൈനീസ് അധികൃതർ അറിയിച്ചു. സൗത്ത് ചൈന മോണിങ് പോസ്റ്റ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി തർക്കം നടക്കുന്ന ഈ മേഖലയിൽ ആധിപത്യം സ്ഥാപിക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കം എന്നാണ് സൂചന.
അരുണാചൽ പ്രദേശിന്റെ ഭാഗമായ 11 സ്ഥലങ്ങളുടെ പേരുകൾ ചൈനീസ് ഭാഷയിലേക്കു മാറ്റി തിങ്കളാഴ്ച ചൈനീസ് സിവിൽ അഫയേഴ്‌സ് മന്ത്രാലയം പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. അഞ്ച് പർവതങ്ങൾ അടക്കം പേരുമാറ്റിയ ഈ സ്ഥലങ്ങൾ തങ്ങളുടെ കീഴിലുള്ള ദക്ഷിണ ടിബറ്റിന്റെ ഭാഗമാണെന്നാണ് ചൈനയുടെ അവകാശവാദം. എന്നാൽ, ഇന്ത്യ ഇതിനെതിരെ ശക്തമായി പ്രതികരിച്ചു. അരുണാചൽ പ്രദേശ് എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നായിരുന്നു വിദേശകാര്യ വക്താവ് അരിന്ദനം ബഗ്ചിയുടെ പ്രസ്താവന.
സിറ്റി പദവി നൽകി വികസിപ്പിക്കാൻ ചൈന തീരുമാനിച്ച രണ്ട് നഗരങ്ങളിലെയും ജനസംഖ്യ 25,000-ൽ താഴെയാണ്. ഇതിൽ മിലിൻ നഗരം, ഇന്ത്യയുമായി 180 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്. പ്രാദേശിക തലസ്ഥാനമായ ലാസയുമായി റെയിൽ ബന്ധമുള്ള ഈ നഗരത്തിലൂടെയാണ് ടിബറ്റിനെയും ഷിൻജിയാങ്ങിനെയും ബന്ധിപ്പിക്കുന്ന ഹൈവേ കടന്നുപോകുന്നത്.
കുവോന നഗരത്തിന്റെ ഭാഗമെന്ന് ചൈന അവകാശപ്പെടുന്ന പല ഭാഗങ്ങളും അരുണാചൽ പ്രദേശിന്റെ ഭാഗമാണ്. ഭൂട്ടാനുമായും നിയന്ത്രണരേഖയിൽ തവാങ് സെക്ടറുമായും അടുത്തു കിടക്കുന്ന ഈ പ്രദേശത്ത് വൻതോതിൽ വികസന പ്രവർത്തനം നടത്തുന്നതിന്റെ ലക്ഷ്യവും പ്രകോപനമുണ്ടാക്കലാണ് എന്നാണ് കരുതുന്നത്.