അതിർത്തിയിൽ ചൈനയുടെ നിർമാണം; പ്രധാനമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം
ഇന്ത്യൻ അതിർത്തിയിൽ നിന്നും 70 കിലോമീറ്റർ അകലെയാണ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്
ന്യൂഡല്‍ഹി: ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ ചൈനയുടെ മാപ്പിന് പിന്നാലെ അതിർത്തിക്കടുത്ത നിർമാണങ്ങളും തലവേദനയാകുന്നു . ഇന്ത്യൻ അതിർത്തിയിൽ നിന്നും 70 കിലോമീറ്റർ അകലെയാണ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ചൈനയുടെനീക്കങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
അതിർത്തിക്ക് 70 കിലോമീറ്റർ അകലെ വരെ പീപ്പിൾസ് ലിബറേഷൻ ആർമി നടത്തുന്ന നിർമാണ പ്രവർത്തനങ്ങളുടെ കൂടുതൽ സാറ്റലൈറ്റ് ചിത്രങ്ങളാണ് കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കുന്നത്. ബങ്കറുകൾ, തുരങ്കങ്ങൾ എന്നിവ നിര്‍മ്മിച്ചെന്നതാണു ഹിന്ദുസ്ഥാൻ ടൈംസ് പത്രം റിപ്പോർട്ട് ചെയ്തത്.
2021 ഡിസംബറിലെ ചിത്രങ്ങളുമായി, ഇക്കഴിഞ്ഞ 18 നു പുറത്തിറക്കിയ ചിത്രങ്ങൾ താരതമ്യം ചെയ്താണ് അതിർത്തിയിലെ ചൈനയുടെ നിർമാണ പ്രവർത്തനങ്ങളെ പറ്റി മുന്നറിയിപ്പ് നൽകിയത്. 2020 ൽ മാക്സർ ടെക്നൊളജി സാറ്റലൈറ്റ് ചിത്രങ്ങൾ വിലയിരുത്തിയപ്പോൾ നിർമാണ പ്രവർത്തനങ്ങളുടെ തുടക്കം തിരിച്ചറിഞ്ഞിരുന്നു. 15 കിലോമീറ്റർ ചുറ്റളവിൽ ആറിടത്താണ് നിരീക്ഷിച്ചത്. അതിർത്തി രേഖയ്ക്ക് അടുത്ത് വിമാനങ്ങൾ ഇറങ്ങാനുള്ള റൺ വേ അടക്കം തയാറാക്കുന്നതായി ഹിന്ദുസ്ഥാൻ ടൈമ്സ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. തുരങ്ക നിർമാണത്തിനായി മണ്ണ് നീക്കുന്ന യന്ത്രങ്ങൾ, പുതിയ റോഡുകൾ, തുരങ്കത്തിലേക്കുള്ള പാതകൾ എന്നിവ വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ സഹിതമാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. മുംബൈയിൽ ചേരുന്ന 'ഇന്ത്യ' മുന്നണി യോഗത്തിലും ചൈന വിഷയം കോൺഗ്രസ് ഉയർത്തും.