ഡൽഹി തെരഞ്ഞെടുപ്പിൽ എൽജെപി മത്സരിക്കുമെന്ന് സൂചന നൽകി ചിരാഗ് പാസ്വാൻ
ഫെബ്രുവരി അഞ്ചിന് ഒറ്റഘട്ടമായാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്. എട്ടിനാണ് വോട്ടെണ്ണൽ.
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ലോക് ജനശക്തി പാർട്ടി (രാം വിലാസ്) മത്സരിക്കുമെന്ന് സൂചന നൽകി കേന്ദ്രമന്ത്രിയും പാർട്ടി അധ്യക്ഷനുമായ ചിരാഗ് പാസ്വാൻ. ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന മണ്ഡലങ്ങളിൽ എൽജെപി മത്സരിക്കുമെന്ന് ചിരാഗ് പാസ്വാൻ പറഞ്ഞു.
എൻഡിഎ ശക്തിപ്പെടുത്താൻ വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ മത്സരിക്കാനാണ് എൽജെപി ഉദ്ദേശിക്കുന്നത്. കൂടുതൽ സീറ്റുകളിൽ മത്സരിക്കുക എന്നതിനെക്കാൾ ജയസാധ്യതയുള്ള സീറ്റുകളിൽ മത്സരിക്കുക എന്നതാണ് പ്രധാനം. എൽജെപിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളിൽ മാത്രമാണ് പാർട്ടി മത്സരിക്കുക. കൂടുതൽ സീറ്റുകളിൽ മത്സരിച്ച് തങ്ങളുടെ സ്‌ട്രൈക്ക് റേറ്റ് കുറക്കാൻ ആഗ്രഹിക്കുന്നില്ല. ജയിക്കാൻ സാധ്യതയുള്ള സീറ്റിൽ മാത്രമാണ് മത്സരിക്കുക - ചിരാഗ് പാസ്വാൻ പറഞ്ഞു.
കിഴക്കൻ ഉത്തർപ്രദേശിൽനിന്നും ബിഹാറിൽനിന്നും വരുന്നവരെ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അപമാനിക്കുകയാണെന്ന് ചിരാഗ് പാസ്വാൻ ആരോപിച്ചു. ബിഹാറിൽനിന്നുള്ളവരെ വ്യാജ വോട്ടർമാർ എന്നാണ് കെജ്‌രിവാൾ വിശേഷിപ്പിച്ചത്. പോളിങ് ബൂത്തിലെത്തുമ്പോൾ ഇത് ഡൽഹിയിലെ ജനങ്ങളുടെ മനസ്സിലുണ്ടാവും. ഡൽഹിയിൽ എൻഡിഎ സർക്കാർ രൂപീകരിക്കുമെന്നും കെജ്‌രിവാൾ പറഞ്ഞു.
ഫെബ്രുവരി അഞ്ചിന് ഒറ്റഘട്ടമായാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്. എട്ടിനാണ് വോട്ടെണ്ണൽ. 2013 മുതൽ ഡൽഹിയിൽ എഎപിയാണ് ഭരണം നടത്തുന്നത്.