മധ്യപ്രദേശിൽ ദേവാലയങ്ങൾ പൊളിക്കുമെന്ന് വി.എച്ച്.പി ഭീഷണി; പ്രധാനമന്ത്രിയോട് സഹായമഭ്യർഥിച്ച് ക്രൈസ്തവ കൂട്ടായ്മ
സംസ്ഥാനത്ത് 'മതപരിവർത്തന റാക്കറ്റ്' പ്രവർത്തിക്കുന്നതായി ആരോപിച്ച് വി.എച്ച്.പി പ്രവർത്തകർ നേരത്തെ പരാതി നല്‍കിയിരുന്നു.
മധ്യപ്രദേശിൽ മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് ക്രിസ്തീയ ദേവാലയങ്ങൾ പൊളിക്കുമെന്ന ഭീഷണിയുമായി വിശ്വ ഹിന്ദു പരിഷത്ത്. മധ്യപ്രദേശിലെ ജാബുവാ ജില്ലയിലാണ് ദേവാലയങ്ങൾക്കെതിരെ ഭീഷണിയുമായി വി.എച്ച്.പി തീവ്രവാദികൾ രംഗത്തെത്തിയത്. വിശ്വാസികൾക്കും ദേവാലയങ്ങൾക്കും സംരക്ഷണം അഭ്യർഥിച്ച് സംസ്ഥാനത്തെ ക്രിസ്തീയ കൂട്ടായ്മയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ചതായി ദ വയർ റിപ്പോർട്ട് ചെയ്തു.
ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമം തുടർന്നുകൊണ്ടിരിക്കുകയാണ്. വി.എച്ച്.പി പ്രവർത്തകരെന്ന് അവകാശപ്പെടുന്നവർ ദേവാലയങ്ങൾ പൊളിക്കുമെന്ന് ഭീഷണിമുഴക്കിയതായും പ്രധാനമന്ത്രിക്കയച്ച കത്തിൽ ഫോറം ചൂണ്ടിക്കാട്ടുന്നു. ക്രിസ്തീയ വിശ്വാസികൾക്കെതിരെയുള്ള മനുഷ്യാവകാശ അതിക്രമങ്ങൾ തടയുന്നതിനായി രൂപീകരിച്ച കൂട്ടായ്മയാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം.
സെപ്തംബർ തുടക്കത്തിൽ വി.എച്ച്.പി പ്രവർത്തകർ ജില്ലയിലെ വിവിധ ദേവാലയങ്ങളിൽ കയറി പള്ളിപൊളിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് ' ദ വയർ' റിപ്പോർട്ട് ചെയ്തു. നിർബന്ധിത മതപരിവർത്തനം ആരോപിച്ച് പുരോഹിതൻമാരെ ഭീഷണിപ്പെടുത്തിയതായും വയർ റിപ്പോർട്ട് ചെയ്തു.
'മതപരിവർത്തന റാക്കറ്റ്' പ്രവർത്തിക്കുന്നതായി ആരോപിച്ച് വി.എച്ച്.പി പ്രവർത്തകർ നേരത്തെ പരാതി ഫയൽ ചെയ്തിരുന്നതായി ജാബുവാ മജിസ്‌ട്രേറ്റ് എൽ.എൻ ഗാർഗിനെ ഉദ്ധരിച്ച് 'സ്‌ക്രോൾ.ഇൻ' റിപ്പോർട്ട് ചെയ്തിരുന്നു. പരാതിയിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടങ്കിൽ നടപടിയെടുക്കുമെന്നാണ് എസ്.ഡി.എം മറുപടി നൽകിയത്. എന്നാൽ, ഇതുവരെ മതപരിവർത്തന റാക്കറ്റിനെ കുറിച്ചുള്ള സംഭവങ്ങളൊന്നും ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നാണ് അധികൃതർ അറിയിച്ചത്.
നേരത്തെയും ക്രിസ്ത്യൻ ആരാധനാലയങ്ങളെ ലക്ഷ്യം വെച്ചുള്ള അക്രമങ്ങൾ ഹിന്ദുത്വ സംഘടനകളുടെ ഭാഗത്തു നിന്നും റിപ്പോർട്ട് ചെയ്തിരുന്നു. ഈ വർഷാദ്യമാണ്, ജില്ലയിലെ ക്രിസ്ത്യൻ ദേവാലയങ്ങൾ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് വി.എച്ച്.പി നേതാവ് ആസാദ് പ്രേംസിങ് രംഗത്തു വന്നത്.