ക്രിസ്ത്യൻ വിരുദ്ധ അക്രമങ്ങൾ: പ്രസിഡൻറും പ്രധാനമന്ത്രിയും ഇടപെടണമെന്ന് സഭകളും നേതാക്കളും
ക്രിസ്മസ് ആഘോഷ വേളയിൽ 14 അക്രമ സംഭവങ്ങളാണുണ്ടായത്
ന്യൂഡൽഹി: രാജ്യത്ത് ക്രിസ്ത്യാനികൾക്കെതിരെ ആക്രമണങ്ങൾ വർധിക്കുന്നതിൽ പ്രസിഡൻറ് ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ക്രിസ്ത്യൻ നേതാക്കൾ. നാനൂറിലധികം ക്രിസ്ത്യൻ നേതാക്കളും 30ഓളം സഭകളുമാണ് ആവശ്യമുന്നയിച്ചത്. ക്രിസ്മസ് ആഘോഷ വേളയിൽ രാജ്യത്തുടനീളമായി 14 അക്രമ സംഭവങ്ങളാണുണ്ടായത്. ഇതിെൻറ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടതെന്ന് ക്രിസ്ത്യൻ നേതാക്കൾ വാർത്താകുറിപ്പിൽ വ്യക്തമാക്കി.
വർധിച്ചുവരുന്ന അസഹിഷ്ണുതയുടെയും ശത്രുതയുടെയും ഭയാനകമായ വർധനവിൽ ഇവർ അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. 2024 ജനുവരിക്കും നവംബറിനും ഇടയിൽ രാജ്യത്ത് ക്രിസ്ത്യാനികൾക്കെതിരെ 720 സംഭവങ്ങൾ ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യയും 760 കേസുകൾ യുനൈറ്റഡ് ക്രിസ്ത്യൻ ഫോറവും രേഖപ്പെടുത്തിയിട്ടുണ്ട്.
മതപരിവർത്തന വിരുദ്ധ നിയമങ്ങളുടെ ദുരുപയോഗം, മതസ്വാതന്ത്ര്യത്തിനുള്ള ഭീഷണികൾ, വർധിച്ചുവരുന്ന വിദ്വേഷ പ്രസംഗം, ദലിത് ക്രിസ്ത്യാനികൾക്ക് പട്ടികജാതി പദവി നിഷേധിക്കൽ തുടങ്ങിയ കാര്യങ്ങളും ഇവർ ഉന്നയിച്ചു. 2023 മെയ് മുതൽ 250ലധികം മരണങ്ങൾക്കും 360 പള്ളികൾ തകർക്കാനും ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കാനും കാരണമായ മണിപ്പൂരിൽ സമാധാനവും അനുരഞ്ജനവും വളർത്തുന്നതിൽ പ്രകടമായ പങ്ക് വഹിക്കണമെന്നും നേതാക്കൾ പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു.
രാജ്യത്തെ സ്ഥിതിഗതികൾ പരിഹരിക്കാൻ ശക്തമായ നടപടി സ്വീകരിക്കണം. മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള സംഭവങ്ങളെക്കുറിച്ച് വേഗത്തിലും നിഷ്പക്ഷവുമായ അന്വേഷണത്തിന് ഉത്തരവിടുക, മതസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാരുകൾക്ക് വ്യക്തമായ മാർഗനിർദ്ദേശങ്ങൾ നൽകുക, എല്ലാ വിശ്വാസ സമുദായങ്ങളുടെയും പ്രതിനിധികളുമായി പതിവായി ചർച്ചകൾ നടത്തുക, ഒരാളുടെ വിശ്വാസം സ്വതന്ത്രമായി പ്രഖ്യാപിക്കാനും ആചരിക്കാനുമുള്ള മൗലികാവകാശം സംരക്ഷിക്കുക എന്നീ ആവശ്യങ്ങളും ഇവർ ഉന്നയിച്ചു. ഇന്ത്യയുടെ ധാർമിക ഘടന, സാമ്പത്തിക അഭിവൃദ്ധി, സാമൂഹിക ഐക്യം എന്നിവയ്ക്ക് ഉൾക്കൊള്ളലും ഐക്യവും അത്യന്താപേക്ഷിതമാണെന്നും ഇവർ ഊന്നിപ്പറഞ്ഞു.