ഡല്‍ഹി വിമാനത്താവളത്തില്‍ വനിതാ സിഐഎസ്എഫ് ഉദ്യോഗസ്ഥയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിയുതിര്‍ത്തതാണെന്നാണ് നിഗമനം


ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ വനിതാ സിഐഎസ്എഫ് ഉദ്യോഗസ്ഥയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിയുതിര്‍ത്തതാണെന്നാണ് പൊലീസ് നിഗമനം. 37കാരിയായ കിരണ്‍ എന്ന ഉദ്യോഗസ്ഥയാണ് മരിച്ചത്.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ജീവനൊടുക്കാനുള്ള കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ജോലി സമ്മര്‍ദമോ, കുടുംബപ്രശ്‌നമോ ആകാനാണ് സാധ്യതയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സിഐഎസ്എഫ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച വിവരങ്ങളൊന്നും ഔദ്യോഗിക വൃത്തങ്ങള്‍ പങ്കുവച്ചിട്ടില്ല.
ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്നുള്ള (എഫ്എസ്എല്‍) സംഘം സംഭവസ്ഥലം സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചു. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.