ഉത്തരാഖണ്ഡിൽ ഉപതെരഞ്ഞെടുപ്പിനിടെ സംഘർഷം; മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ആരോപണം
ഇത് ജനാധിപത്യത്തിന്റെ കൊലപാതകമെന്ന് കോൺഗ്രസ് സ്ഥാനാർഥി
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മംഗളോർ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനിടെ മുസ്‍ലിം വോട്ടർമാർക്ക് നേരെ ആക്രമണം. നിരവധി പേർക്ക് പരിക്കേറ്റു. അക്രമികൾ പരസ്യമായി വെടിയുതിർത്തുവെന്ന് കോൺഗ്രസ് സ്ഥാനാർഥി ഖാസി നിസാമുദ്ദീൻ ആരോപിച്ചു.
‘അക്രമികൾ പരസ്യമായി വെടിയുതിർക്കുകയായിരുന്നു. ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണ്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസുകളോ മറ്റു സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല -ഖാസി നിസാമുദ്ദീൻ പറഞ്ഞു. മുസ്‍ലിംകളെ സമാധാനപരമായി വോട്ട് ചെയ്യാൻ പൊലീസ് അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
വോട്ടിന് മുന്നോടിയായി ലിബെർഹെഡി ഗ്രാമത്തിലെ മുസ്‍ലിംകളെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. വോട്ട് ചെയ്യുന്നതിൽനിന്ന് ഇവരെ തടയുകയായിരുന്നു ലക്ഷ്യം. പരിക്കേറ്റവരെ കോൺഗ്രസ് സ്ഥാനാർഥി ഖാസി നിസാമുദ്ദീനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബി.ജെ.പി പ്രവർത്തകർ മുസ്‍ലിം സ്ത്രീകളെ വോട്ട് ചെയ്യാൻ അനുവദിക്കാതെ വീട്ടിലേക്ക് പറഞ്ഞയക്കുന്നതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ദുർബലരായ ജനങ്ങളെയും കോൺഗ്രസ് പ്രവർത്തകരെയും ഭയപ്പെടുത്താൻ അക്രമികൾ വെടിവെപ്പ് നടത്തിയതായി മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് ആരോപിച്ചു.
‘നിരവധി പേർക്ക് പരിക്കേറ്റു. ഇത്തരം സംഭവങ്ങൾ മറ്റു പലയിടങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോൺഗ്രസ് വോട്ടർമാരെ ഭീഷണിപ്പെടുത്തുകയാണ്. അവരെ പോളിങ് ബൂത്തിൽ എത്തുന്നതിൽനിന്ന് തടയുന്നു. ഇത് ജനാധിപത്യത്തിന്റെ കൊലപാതകവും ആശങ്കാജനകവുമാണ്. ജനാധിപത്യത്തെ സംരക്ഷിക്കാനായി ജനങ്ങൾ പിന്തുണക്കണമെന്ന് അഭ്യർഥിക്കുകയാണ്’ -അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സ്ഥിതിഗതികൾ സാധാരണനിലയിലാണെന്നും വോട്ടിങ് സമാധാനപരമാണെന്നും റൂറൽ എസ്.പി സ്വപൻ കിഷോർ സിങ് പറഞ്ഞു. മതിയായ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഒരു വിവാദത്തെ കുറിച്ച് വിവരം ലഭിച്ചതിനാലാണ് ഞങ്ങൾ ഇവിടെയെത്തിയത്. വെടിവെപ്പ് സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.എസ്.പിയുടെ സിറ്റിങ് എം.എൽ.എ സർവത് കരീം അൻസാരിയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അൻസാരിയുടെ പുത്രൻ ഉബേദുർ റഹ്മാനാണ് ബി.എസ്.പി സ്ഥാനാർഥി. ഗുജ്ജർ നേതാവായ കർതാർ സിങ്ങാണ് ഇവിടെ ബി.ജെ.പി സ്ഥാനാർഥി. ചരിത്രപരമായി മുസ്‍ലിംകളും ദലിതുകൾക്കും ഭൂരിപക്ഷമുള്ള മണ്ഡലമാണിത്.