ക്ലാസിലെ പെൺകുട്ടിയോട് സംസാരിക്കുന്നതിനെ ചൊല്ലി തർക്കം; സഹപാഠിയെ 13കാരൻ കുത്തിക്കൊന്നു
പെൺകുട്ടിയുമായി നിലേന്ദ്ര അടുപ്പം പുലർത്തിയിരുന്നത് ഇഷ്ടപ്പെടാതിരുന്ന 13കാരൻ പല തവണ ഇയാളെ വിലക്കിയിരുന്നതായാണ് വിവരം
ലഖ്‌നൗ: ക്ലാസ്സിലെ പെൺകുട്ടിയെ ചൊല്ലിയുണ്ടായ തർക്കത്തിൽ സഹപാഠിയെ കുത്തിക്കൊന്ന് 13കാരൻ. ഉത്തർപ്രദേശിലെ കാൻപൂരിലുള്ള പ്രയാഗ് വിദ്യ മന്ദിർ ഇന്റർ കോളേജ് പത്താം ക്ലാസ്സ് വിദ്യാർഥി നീലേന്ദ്ര തിവാരി (15) ആണ് കൊല്ലപ്പെട്ടത്.
ന്യൂ ആസാദ് നഗറിലുള്ള സ്‌കൂളിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. ഉറ്റസുഹൃത്തുക്കളായിരുന്നു നിലേന്ദ്രയും പ്രതിയായ കുട്ടിയും. എന്നാൽ ഇടയ്ക്ക് വെച്ച് ക്ലാസ്സിലെ പെൺകുട്ടിയെ ചൊല്ലി ഇരുവരും പിരിഞ്ഞു. പെൺകുട്ടിയുമായി നിലേന്ദ്ര അടുപ്പം പുലർത്തിയിരുന്നത് ഇഷ്ടപ്പെടാതിരുന്ന 13കാരൻ പല തവണ ഇയാളെ വിലക്കിയിരുന്നതായാണ് വിവരം. തിങ്കളാഴ്ച ഉച്ചക്ക് നിലേന്ദ്ര ക്ലാസ്സിൽ ഒറ്റയ്ക്കായിരുന്ന സമയം പ്രതി ബാഗിൽ കരുതിയിരുന്ന കത്തിയെടുത്ത് കഴുത്തിൽ ആഞ്ഞ് കുത്തുകയായിരുന്നു.
സ്‌കൂൾ അധികൃതരെത്തുമ്പോഴേക്കും ചോരയിൽ കുളിച്ച് കിടക്കുകയായിരുന്നു കുട്ടി. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തിൽ 13കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വർഷത്തെ പത്താം ക്ലാസ് പരീക്ഷയിൽ പരാജയപ്പെട്ടതോടെയാണ് നിലേന്ദ്ര 13കാരന്റെ ക്ലാസ്സിലെത്തിയത്.