മാതാപിതാക്കളെ അമ്മി, അബ്ബു എന്ന് വിളിച്ച് രണ്ടാം ക്ലാസ് വിദ്യാർഥി; മതവിരുദ്ധം, ഇം​ഗ്ലീഷ് പാഠപുസ്തകം നിരോധിക്കണമെന്ന് പിതാവ്

രണ്ടാം ക്ലാസ് ഇം​ഗ്ലീഷ് പാഠപുസ്തകമായ ​ഗുൽമോഹർ നിരോധിക്കണം എന്നാണ് ഇയാളുടെ ആവശ്യം.

Update: 2023-04-05 15:35 GMT
Advertising

ഡെറാഡൂൺ: രണ്ടാം ക്ലാസ് വിദ്യാർഥിയായ കുട്ടി അച്ഛനെ അബ്ബു എന്നും അമ്മയെ അമ്മിയെന്നും വിളിച്ചത് കേട്ടതോടെ പാഠപുസ്തകം നിരോധിക്കണമെന്ന ആവശ്യവുമായി മാതാപിതാക്കൾ. അതുവരെ സാധാരണ രീതിയിൽ വിളിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടെന്ന് അബ്ബു, അമ്മി എന്നിങ്ങനെ അഭിസംബോധന ചെയ്യാൻ തുടങ്ങിയതാണ് അവരെ ദേഷ്യം പിടിപ്പിച്ചത്.

തുടർന്ന് പരിശോധിച്ചതോടെയാണ് ഇതിനു കാരണം ഇം​ഗ്ലീഷ് പാഠപുസ്തകമാണെന്ന് ഇരുവർക്കും മനസിലായത്. ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണിലാണ് രസകരവും വിചിത്രവുമായ സംഭവം. ഇം​ഗ്ലീഷ് പാഠപുസ്തകത്തിലെ പാഠഭാ​ഗം വായിച്ചതിനു പിന്നാലെയാണ് കുട്ടി തങ്ങളെ ഇങ്ങനെ വിളിക്കാൻ തുടങ്ങിയതെന്ന് ഇവർ ആരോപിക്കുന്നു.

മനീഷ് മിത്തൽ എന്നയാളാണ് പുസ്തക നിരോധന ആവശ്യമുന്നയിച്ച് ജില്ലാ മജിസ്ട്രേറ്റിന് കത്തയച്ചത്. രണ്ടാം ക്ലാസ് ഇം​ഗ്ലീഷ് പാഠപുസ്തകമായ ​ഗുൽമോഹർ നിരോധിക്കണം എന്നാണ് മിത്തലിന്റെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിൽ മിത്തൽ ഔദ്യോഗികമായി പരാതിയും നൽകി.

'ഇന്ന് പെട്ടെന്ന്, എന്റെ മകൻ എന്നെ അബ്ബുവെന്നും എന്റെ ഭാര്യയെ, അതായത് അവന്റെ അമ്മയെ അമ്മീ എന്നും വിളിക്കാൻ തുടങ്ങി. അത് ഞങ്ങളെ വല്ലാതെ ഞെട്ടിച്ചു. ഇതേക്കുറിച്ച് ഞങ്ങൾ അവനോട് ചോദിച്ചപ്പോൾ അവൻ അവന്റെ ഇംഗ്ലീഷ് പാഠപുസ്തകം കാണിച്ചു. ഹൈദരാബാദിലെ ഓറിയന്റ് ബ്ലാക്ക് സ്വാൻ പ്രസിദ്ധീകരിച്ച ഗുൽമോഹർ 2 എന്ന പുസ്തകമാണ് അവൻ കാണിച്ചത്'.

'അതിന്റെ ആദ്യ അധ്യായത്തിൽ അമ്മയ്ക്കും അച്ഛനും യഥാക്രമം 'അമ്മി', 'അബ്ബു' എന്നാണ് ഉപയോഗിച്ചിട്ടുള്ളത്. ഹിന്ദി പുസ്തകങ്ങളിൽ 'മാതാ', 'പിതാ', ഉറുദു പുസ്തകങ്ങളിൽ 'അമ്മി', 'അബ്ബു' എന്നിങ്ങനെയാണ് ഉപയോ​ഗിക്കുക. എന്നാൽ ഒരു ഇംഗ്ലീഷ് പുസ്തകത്തിൽ മാതാപിതാക്കളെ പരാമർശിക്കാൻ 'അമ്മി', 'അബ്ബു' എന്നിവ ഉപയോഗിക്കുന്നത് അനുചിതമാണ്. ഈ പുസ്തകം ഡെറാഡൂണിൽ മാത്രമല്ല, രാജ്യത്തുടനീളമുള്ള എല്ലാ ഐസിഎസ്ഇ സ്കൂളുകളിലും നിർദേശിച്ചിട്ടുള്ളതാണ്'- മിത്തൽ പറഞ്ഞു.

'സ്കൂളുകളുടെ പാഠ്യപദ്ധതിയുടെ ഭാഗമാണ് ഇംഗ്ലീഷ്. ഇത്തരം തെറ്റായ രീതികൾ അവസാനിപ്പിക്കണം. ഇത് ഗൗരവമേറിയ കാര്യമാണ്. ഞങ്ങളുടെ വിശ്വാസത്തിനും മതവിശ്വാസത്തിനും നേരെയുള്ള കടുത്ത ആക്രമണമാണ്. ഇത്തരം മതവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ അടിയന്തര നടപടി സ്വീകരിക്കണം'- കർഷകനായ മിത്തൽ ജില്ലാ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടു. ജില്ലയിൽ പുസ്തകത്തിന് നിരോധനം ഏർപ്പെടുത്തണമെന്നും മിത്തൽ അധികൃതരോട് അഭ്യർഥിച്ചു.

അതേസമയം, പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കാൻ ജില്ലാ മജിസ്‌ട്രേറ്റ് സോണിക വിദ്യാഭ്യാസ ഓഫീസർക്ക് നിർദേശം നൽകി. ബന്ധപ്പെട്ട എല്ലാ കക്ഷികളുടേയും പ്രതികരണം തേടുമെന്നും അന്വേഷണത്തിന് ശേഷം നടപടിയെടുക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ ബൻഷിധാർ തിവാരി പറ‍ഞ്ഞു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News