ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിൽ കൊലപാതകം; മതപുരോഹിതനടക്കം മൂന്ന് പേർ അറസ്റ്റിൽ

മതവികാരത്തെ വ്രണപ്പെടുത്തുന്ന പോസ്റ്റ് ഷെയർ ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചത്

Update: 2022-01-30 05:54 GMT
Editor : Lissy P | By : Web Desk
Advertising

ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിലെ ധന്ദുകയിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിൽ 27 കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ മുസ്‍ലിം  പുരോഹിതനുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ.ജമാൽപൂർ സ്വദേശിയായ മൗലാന മുഹമ്മദ് അയൂബ് ജവറവാല (51), ധന്ദുക്ക സ്വദേശികളായ സാബിർ ചോപ്ഡ (25), ഇംതിയാസ് പത്താൻ (27) എന്നിവരെയാണ് അഹമ്മദാബാദ് റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.

ജനുവരി 25 ന് സഹോദരന്റെ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്നു കിഷൻ ഭർവാദിനെ (27)യാണ് ബൈക്കിലെത്തിയ രണ്ടുപേർ വെടിവെച്ച് വീഴ്ത്തിയത്. ധന്ദുകയിലെ മോദ്‍വാഡ ഏരിയയിലായിരുന്നു സംഭവം. ഇയാൾ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെടുകയും ചെയ്തതായി അഹമ്മദാബാദ് പൊലീസ് സൂപ്രണ്ട് വീരേന്ദ്രസിംഗ് യാദവ് പറഞ്ഞു. ചോപ്ഡയ്ക്കും പത്താനും തോക്കും വെടിയുണ്ടയും നൽകിയത് മൗലാന ജവരാവാലയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സി.സി.ടി.വി കാമറകൾ പരിശോധിച്ചതിൽ നിന്നാണ് പ്രതികളെ തിരിച്ചറിയാൻ സാധിച്ചത്.

ജനുവരി ആറിനാണ് കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങൾക്ക് തുടക്കം. കിഷൻ ഭർവാദ് ഒരു പോസ്റ്റ് ഫേസ്ബുക്കിൽ ഷെയർ ചെയ്തു. ഇത് മുസ്‍ലിം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നാരോപിച്ച് സാബിർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കിഷൻ ഭർവാദിനെതിരെ  കേസെടുക്കുകയും നിയമനടപടികൾ എടുക്കുകയും ചെയ്തിരുന്നെന്നാണ് ധന്ദുക പൊലീസ് പറയുന്നത്. എന്നാൽ പൊലീസ് നടപടിയിൽ സാബിർ തൃപ്തനായിരുന്നില്ല. മതപുരോഹിതനുമായി ആലോചിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തത്. സുഹൃത്തായ പത്താനെയും കൂടെ കൂട്ടി. കൊലപാതകത്തിന് മുമ്പ് കിഷന്റെ എല്ലാ നീക്കവും സാബിർ കൃത്യമായി നിരീക്ഷിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു. അഞ്ചു ദിവസങ്ങൾക്ക് ശേഷമാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

അതിനിടെ, ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ് സാംഘ്‍വി  വെള്ളിയാഴ്ച കിഷന്റെ വീട് സന്ദർശിച്ചു. 20 ദിവസം മുമ്പാണ് കിഷന് ഒരു പെൺകുഞ്ഞ് ജനിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ എല്ലാ സഹായവും നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News