'എല്ലാ നോൺ വെജ് ഭക്ഷണശാലകളും വൈകുന്നേരത്തോടെ അടയ്ക്കണം'; രാജസ്ഥാനിൽ ഉദ്യോഗസ്ഥർക്ക് ബി.ജെ.പി എം.എൽ.എയുടെ നിർദേശം

ഹവാമഹലിൽനിന്ന് വിജയിച്ച ബൽമുകുന്ദ് ആചാര്യയാണ് ഫലം വന്ന് മണിക്കൂറുകൾക്കകം വിവാദ നിർദേശവുമായി രംഗത്തെത്തിയത്.

Update: 2023-12-04 11:23 GMT
Advertising

ജയ്പൂർ: രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരു ദിവസം പിന്നിടുന്നതിന് മുമ്പ് വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.എൽ.എ മഹന്ത് ബൽമുകുന്ദ്. എല്ലാ നോൺ വെജ് ഭക്ഷണശാലകളും വൈകുന്നേരത്തോടെ റോഡുകളിൽനിന്ന് നീക്കം ചെയ്യണമെന്നാണ് മഹന്ത് ബൽമുകുന്ദിന്റെ നിർദേശം. ഹവാമഹലിൽ നിന്നാണ് ബൽമുകുന്ദ് ആചാര്യ ബി.ജെ.പി ടിക്കറ്റിൽ വിജയിച്ചത്. സർക്കാർ ഉദ്യോഗസ്ഥനെ വിളിച്ച ബൽമുകുന്ദ് തെരുവിൽ നോൺ വെജ് ഭക്ഷണം വിൽക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയായിരുന്നു.

വൈകുന്നേരത്തോടെ എല്ലാ തെരുവുകളും വൃത്തിയാക്കണം. നോൺ വെജ് ഭക്ഷണം വിൽക്കുന്ന എല്ലാ വണ്ടികളും നീക്കം ചെയ്യണമെന്നും അദ്ദേഹം ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥനെ പരസ്യമായി ഫോണിൽ വിളിച്ച എം.എൽ.എ 'നമുക്ക് റോഡിൽ നോൺ വെജ് പരസ്യമായി വിൽക്കാമോ? അതെ, അല്ലെങ്കിൽ ഇല്ല എന്ന് പറയുക' എന്നും ഇയാൾ ആവശ്യപ്പെട്ടു. നോൺ വെജ് ഭക്ഷണശാല ഒഴിപ്പിച്ചതിന്റെ റിപ്പോർട്ട് വൈകുന്നേരത്തിനകം തനിക്ക് നൽകണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

ജയ്പൂരിലെ ഹവാമഹൽ നിയമസഭാ സീറ്റിൽനിന്ന് 600 വോട്ടുകൾക്കാണ് ബൽമുകുന്ദ് ആചാര്യ വിജയിച്ചത്. കോൺഗ്രസിലെ ആർ.ആർ തിവാരിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. രാജസ്ഥാനിൽ 115 സീറ്റുകൾ നേടിയാണ് ബി.ജെ.പി അധികാരമുറപ്പിച്ചത്. കോൺഗ്രസ് 69 സീറ്റ് നേടി. പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളും ഭരണവിരുദ്ധ വികാരവുമാണ് കോൺഗ്രസിന് തിരിച്ചടിയായത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News