മക്കളുടന്‍ മുതല്‍വര്‍; ജനസമ്പര്‍ക്ക പരിപാടിയുമായി തമിഴ്നാട് സര്‍ക്കാരും
ഡിസംബര്‍ 18ന് കോയമ്പത്തൂരിലാണ് പരിപാടി ആരംഭിക്കുന്നത്
ചെന്നൈ: കേരള മോഡലില്‍ ജനസമ്പര്‍ക്ക പരിപാടിയുമായി തമിഴ്നാട് സര്‍ക്കാരും. സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി 'മക്കളുടന്‍ മുതല്‍വര്‍'(മുഖ്യമന്ത്രി ജനങ്ങളോടൊപ്പം) എന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.
ഡിസംബര്‍ 18ന് കോയമ്പത്തൂരിലാണ് പരിപാടി ആരംഭിക്കുന്നത്. പദ്ധതി പ്രകാരം 13 പ്രധാന വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് നഗര, ഗ്രാമ തദ്ദേശ സ്ഥാപനങ്ങളിൽ പ്രത്യേക ക്യാമ്പുകൾ നടത്തും.ആദ്യ ഘട്ടത്തിൽ (ഡിസംബർ 18 നും ജനുവരി 6നും ഇടയിൽ) മിഷോംഗ് ബാധിച്ച നാല് ജില്ലകളിലൊഴികെ എല്ലാ ജില്ലകളിലും 1,745 പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും. ഉദ്യോഗസ്ഥർ ക്യാമ്പുകളിൽ ജനങ്ങളുടെ പരാതികൾ അവിടെ വച്ചു തന്നെ രേഖപ്പെടുത്തുമെന്നും ലഭിക്കുന്ന നിവേദനങ്ങൾ 'മക്കളുടൻ മുതൽവർ' വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുമെന്നും ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പരാതികള്‍ 30 ദിവസത്തിനകം തീര്‍പ്പാക്കി ജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കും.
മുഖ്യമന്ത്രി കോയമ്പത്തൂരിൽ ഈ പദ്ധതി തുടക്കം കുറിക്കുമ്പോള്‍ മന്ത്രിമാര്‍ അതത് ജില്ലകളില്‍ ഒരേസമയം പദ്ധതി ആരംഭിക്കും. ആദ്യഘട്ടത്തില്‍ നഗരപ്രദേശങ്ങളോട് ചേർന്നുള്ള എല്ലാ മുനിസിപ്പൽ കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ, ടൗൺ പഞ്ചായത്തുകൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും.പിന്നീട് ഗ്രാമപ്രദേശങ്ങളിലും ക്യാമ്പുകൾ സംഘടിപ്പിക്കും. ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപട്ട്, തിരുവള്ളൂർ ജില്ലകളില്‍ 2024 ജനുവരി ആദ്യവാരം മുതൽ ജനുവരി 31 വരെ ക്യാമ്പുകൾ നടത്തുമെന്നും കുറിപ്പില്‍ പറയുന്നു.
സര്‍ക്കാര്‍ സേവനങ്ങള്‍ ദ്രുതഗതിയിലും എളുപ്പത്തിലും ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആളുകൾ പതിവായി സമീപിക്കുന്ന 13 പ്രധാന വകുപ്പുകളുണ്ട്. റവന്യൂ, മുനിസിപ്പൽ ഭരണം, ഗ്രാമവികസനം, ആദി ദ്രാവിഡർ ക്ഷേമം, ബിസി, എംബിസി, ന്യൂനപക്ഷ ക്ഷേമം, സാമൂഹ്യക്ഷേമം, ഭിന്നശേഷിക്കാരുടെ ക്ഷേമം, വൈദ്യുതി, തൊഴിൽ, എംഎസ്എംഇ എന്നിവ ഇതിൽ ഉൾപ്പെടുന്നു.