കോയമ്പത്തൂർ കാർ സ്‌ഫോടനം: കൂടുതൽ അറസ്റ്റിന് സാധ്യത; അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തേക്കും
കേസിൽ പൊലീസ് പിടിയിലായവർക്കെതിരെ യു.എ.പി.എ ചുമത്തിയിരുന്നു
പാലക്കാട്: കോയമ്പത്തൂർ കാർ സ്‌ഫോടന ക്കേസിൽ പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. അഞ്ചു പ്രതികളെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. കൂടുതൽ അറസ്റ്റിനും ഇന്ന് സാധ്യതയുണ്ട്. കേസന്വേഷണം എൻ.ഐ.എ ഏറ്റെടുക്കാനും സാധ്യതയുണ്ട്.
ഉക്കടത്ത് നടന്ന സ്‌ഫോടന കേസിൽ പൊലീസ് പിടിയിലായവർക്കെതിരെ യു.എ.പി.എ ചുമത്തിയിരുന്നു. പ്രതികളെ നവംബർ 8 വരെ റിമാന്റ് ചെയ്തു. ചോദ്യം ചെയ്യലിനായി പ്രതികളെ വിട്ടുകിട്ടണമെന്ന് കാണിച്ച് പൊലീസ് കോടതിയിൽ അപേക്ഷ നൽകും.
നിലവിൽ നാലുതരത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കോയമ്പത്തൂർ പൊലീസ് പ്രതികൾക്ക് കിട്ടിയ സഹായം, ഗൂഢാലോചന എന്നിവയാണ് ആദ്യഘട്ടത്തിൽ പരിശോധിക്കുന്നത്. സ്‌ഫോടനത്തിനു ഉപയോഗിച്ച ചേരുവകൾ, അവ എങ്ങനെ കിട്ടി തുടങ്ങിയവ കാര്യത്തിൽ പൊലീസും ഫോറെൻസിക് സംയുക്ത അന്വേഷണം നടക്കുന്നുണ്ട്.
അതേസമയം, രണ്ടു സ്‌ഫോടനം നടന്നു എന്നാണ് ദൃക്സാക്ഷി മൊഴി. അതിൽ രണ്ടാമത്തേത് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ്. ആദ്യ സ്‌ഫോടനം സംബന്ധിച്ച് അവ്യക്തതകൾ നിലനിൽക്കുന്നുണ്ട്. ഇതിൽ വ്യക്തത വരുത്താൻ ബോംബ് സ്‌ക്വാഡ് അന്വേഷണം നടത്തുന്നുണ്ട്. നഗരത്തിൽ ഇപ്പോഴും കേന്ദ്ര സേനയെ നിയോഗിച്ചുള്ള സുരക്ഷ തുടരുന്നു. ജനവാസ മേഖലകളിൽ പൊലീസ് നിരീക്ഷണവും ശക്തമാണ്. പ്രതികളുടെ ഫോൺ രേഖകൾ പരിശോധിച്ച് വരുകയാണ്. പ്രതികളുമായി ബന്ധം ഉള്ള നിരവധി പേരെയാണ് ചോദ്യം ചെയ്യലിനായി വിളിച്ച് വരുത്തുന്നത്. കൂടുതൽ അറസ്റ്റും ഉണ്ടായേക്കും.