ഡോക്ടറുടെ കൊലപാതകം: മമത ബാനർജിക്കെതിരെ അധിക്ഷേപ പോസ്റ്റ്, വിദ്യാർഥിനി അറസ്റ്റിൽ

ആർ.ജെ. കർ ആശുപത്രിയിലെ ബലാത്സംഗക്കൊലയുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റുകൾ കൊല്‍ക്കത്ത പൊലീസ് വ്യാപകമായി പരിശോധിക്കുന്നുണ്ട്.

Update: 2024-08-19 11:25 GMT
Editor : rishad | By : Web Desk
Advertising

കൊല്‍ക്കത്ത: ആർ.ജെ. കർ ആശുപത്രിയിലെ ബലാത്സംഗക്കൊലയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ അധിക്ഷേപകരമായ രീതിയിൽ സമൂഹമാധ്യമങ്ങളില്‍ കുറിപ്പിട്ടെന്നാരോപിച്ച് വിദ്യാര്‍ഥിനി അറസ്റ്റില്‍. 23കാരി കിർതി ശർമ്മ എന്ന വിദ്യാർഥിനിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ആർ.ജെ. കർ ആശുപത്രിയിൽ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ വിഷയത്തിൽ കിർതി ശർമ്മ ഇൻസ്റ്റഗ്രാമിൽ മൂന്ന് സ്റ്റോറികൾ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്ത് വിദ്യാർഥിനിയെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്.

ഇരയുടെ പേരുവിവരങ്ങളും ചിത്രങ്ങളും പുറത്തുവിട്ടതിനും മമതാ ബാനർജിക്കെതിരെ അധിക്ഷേപകരമായി രീതിയിൽ സമൂഹ മാധ്യമങ്ങളിൽ സ്റ്റോറികൾ പങ്കുവെച്ചതിനുമാണ് അറസ്റ്റ്.  അതേസമയം ആർ.ജെ. കർ ആശുപത്രിയിലെ കൊലപാതകവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റുകൾ പൊലീസ് വ്യാപകമായി പരിശോധിക്കുന്നുണ്ട്.

കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പൊലീസ് കമ്മീഷണറെ സി.ബി.ഐ ചോദ്യം ചെയ്യണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതിന് തൃണമൂല്‍ എം.പി സുഖേന്ദു ശേഖര് റേയ്ക്ക് സമന്‍സ് അയച്ചിരുന്നു. ഇതിനെതിരെ എം.പി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഊഹാപോഹങ്ങൾ പ്രചരിപ്പിച്ചതിനും ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തിയതിനും മുൻ ബി.ജെ.പി എം.പി ലോക്കറ്റ് ചാറ്റർജിക്കും രണ്ട് പ്രമുഖ ഡോക്ടർമാർക്കും പൊലീസ് സമൻസ് അയച്ചിട്ടുണ്ട്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News