ഗോധ്ര ട്രയിന്‍ തീപിടിത്തം അന്വേഷിച്ച മുൻ ജഡ്ജിയുടെ മകനെ ചൊല്ലി കേന്ദ്രവും കൊളീജിയവും നേർക്കുനേർ
വിവിധ ഹൈക്കോടതികളിലേക്കായി 68 ജഡ്ജിമാരെയാണ് കൊളീജിയം ശിപാർശ ചെയ്തിട്ടുള്ളത്
ന്യൂഡൽഹി: ഗുജറാത്ത് വംശഹത്യയ്ക്ക് കാരണമായ ഗോധ്ര ട്രയിൻ തീപിടിത്തം അന്വേഷിച്ച മുൻ ജഡ്ജി യു.സി ബാനർജിയുടെ മകൻ അമിതേഷ് ബാനർജിയെ കൽക്കട്ട ഹൈക്കോടതി ജഡ്ജിയാക്കണമെന്ന ശിപാർശയിൽ കൊളീജിയവും കേന്ദ്രസർക്കാറും നേർക്കുനേർ. ഇതുസംബന്ധിച്ച് കേന്ദ്രം മടക്കിയയച്ച ശിപാർശ തിരിച്ചയക്കാൻ കൊളീജിയം തീരുമാനിച്ചു. അമിതേഷ് ഉൾപ്പെടെ കേന്ദ്രം മടക്കിയ ഒമ്പത് ശിപാർശകൾ വീണ്ടും അയയ്ക്കാനാണ് ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ നേതൃത്വത്തിൽ ചേർന്ന കൊളീജിയം തീരുമാനിച്ചത്.
2002ലെ ഗോധ്ര ട്രയിൻ തീപിടിത്തത്തില്‍ ഗൂഢാലോചനയില്ലെന്ന റിപ്പോർട്ട് സമർപ്പിച്ച സുപ്രിംകോടതി മുൻ ജഡ്ജാണ് യുസി ബാനർജി. സംഭവം അന്വേഷിക്കാൻ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് സർക്കാർ ജസ്റ്റിസ് കെ.ജി ഷായെയാണ് ആദ്യം ചുമതലപ്പെടുത്തിയിരുന്നത്. ഇതിൽ വിമർശനം ഉയർന്നതിന് പിന്നാലെ റിട്ട. സുപ്രിംകോടതി ജഡ്ജി ജി.ടി നാനാവതി അധ്യക്ഷനായ കമ്മിഷനെ നിയോഗിച്ചു. തീവണ്ടി കത്തിച്ചത് ആസൂത്രിതമാണ് എന്നായിരുന്നു കമ്മിഷന്റെ റിപ്പോർട്ട്.
എന്നാൽ 2004ൽ യുപിഎ കേന്ദ്രത്തിൽ അധികാരത്തിൽ വന്ന വേളയിൽ റെയിൽവേ മന്ത്രി ലാലു പ്രസാദ് യാദവാണ് യുസി ബാനർജിയെ സംഭവം അന്വേഷിക്കാൻ ചുമതലപ്പെടുത്തിയത്. തീപിടിത്തം അബദ്ധത്തിൽ സംഭവിച്ചതാണ് എന്നും ഗൂഢാലോചനയില്ലെന്നുമായിരുന്നു കമ്മിഷന്റെ കണ്ടെത്തൽ. കമ്മിഷൻ രൂപവത്കരിച്ചതിനെയും കമ്മിഷന്റെ കണ്ടെത്തലുകളെയും പിന്നീട് ഗുജറാത്ത് ഹൈക്കോടതി വിമർശിച്ചിരുന്നു.
വിവിധ ഹൈക്കോടതികളിലേക്കായി 68 ജഡ്ജിമാരെയാണ് കൊളീജിയം ശിപാർശ ചെയ്തിട്ടുള്ളത്. ഇതിൽ പത്തു പേർ വനിതകളാണ്. കൊളീജിയം സമീപകാലത്ത് നടത്തിയ ഏറ്റവും വലിയ ശിപാർശയാണിത്. നിയമനീതി വകുപ്പിന്റെ കണക്കുപ്രകാരം 25 ഹൈക്കോടതികളിൽ 465 ഒഴിവുകളാണ് നികത്താതെ കിടക്കുന്നത്.