കോണ്‍ഗ്രസിന് വോട്ട് ചെയ്തില്ലെങ്കില്‍ വേണ്ട, എന്‍റെ സംസ്കാരച്ചടങ്ങിനെത്തണം; തെരഞ്ഞെടുപ്പ് റാലിയില്‍ വികാരധീനനായി ഖാര്‍ഗെ
ജില്ലയിലെ അഫ്സല്‍പൂരില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു ഖാര്‍ഗെ
ബെംഗളൂരു: കര്‍ണാടകയിലെ കല്‍ബുര്‍ഗി ജില്ലയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ വികാരധീനനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കോണ്‍ഗ്രസിന് വോട്ട് ചെയ്താലും ഇല്ലെങ്കിലും തന്‍റെ സംസ്‌കാരത്തിനെങ്കിലും പങ്കെടുക്കണമെന്ന് അദ്ദേഹം ജനങ്ങളോട് പറഞ്ഞു. ജില്ലയിലെ അഫ്സല്‍പൂരില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ കല്‍ബുര്‍ഗിയില്‍ തനിക്ക് ഇനിയൊരു സ്ഥാനവുമില്ലെന്ന് താന്‍ കരുതുമെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. സിറ്റിംഗ് എം.പി ഉമേഷ് ജാദവാണ് കല്‍ബുര്‍ഗിയിലെ ബി.ജെ.പിയുടെ സ്ഥാനാര്‍ഥി. ഖാർഗെയുടെ മരുമകൻ രാധാകൃഷ്ണ ദൊഡ്ഡമണിയെയാണ് കോണ്‍ഗ്രസ് മത്സരരംഗത്തിറക്കിയിരിക്കുന്നത്. ''ഇത്തവണ നിങ്ങളുടെ വോട്ട് നഷ്ടമായാൽ (കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തില്ലെങ്കിൽ) എനിക്ക് ഇവിടെ സ്ഥാനമില്ലെന്നും നിങ്ങളുടെ ഹൃദയം കവർന്നെടുക്കാൻ കഴിയില്ലെന്നും ഞാൻ വിചാരിക്കും'' അദ്ദേഹം പറഞ്ഞു. 2009,2014 തെരഞ്ഞെടുപ്പുകളില്‍ ഖാര്‍ഗെ ഇവിടെ വിജയിച്ചെങ്കിലും 2019ല്‍ പരാജയപ്പെട്ടിരുന്നു.
ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍റെയും ആശയങ്ങളെ പരാജയപ്പെടുത്താൻ അവസാന ശ്വാസം വരെ രാഷ്ട്രീയത്തിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു."ഞാൻ ജനിച്ചത് രാഷ്ട്രീയത്തിനുവേണ്ടിയാണ്. തെരഞ്ഞെടുപ്പിൽ മത്സരിച്ചാലും ഇല്ലെങ്കിലും ഈ രാജ്യത്തിൻ്റെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ അവസാന ശ്വാസം വരെ പരിശ്രമിക്കും. രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കില്ല," ഖാർഗെ വ്യക്തമാക്കി. ബി.ജെ.പിയുടെയും ആർ.എസ്.എസിൻ്റെയും പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്താനാണ് ഞാൻ ജനിച്ചത്, അവർക്ക് മുന്നിൽ കീഴടങ്ങാനല്ല.തന്നോടൊപ്പം വേദി പങ്കിട്ട കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് തൻ്റെ തത്വങ്ങൾ പാലിക്കാൻ അദ്ദേഹം ഉപദേശിച്ചു. ''നിങ്ങൾക്ക് മുഖ്യമന്ത്രിയായോ എംഎൽഎയായോ വിരമിക്കാം, എന്നാൽ ബിജെപിയുടെയും ആർഎസ്എസിൻ്റെയും പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്തുന്നത് വരെ നിങ്ങൾക്ക് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാനാവില്ലെന്ന് ഞാൻ സിദ്ധരാമയ്യയോട് ആവർത്തിച്ച് പറയുന്നു''.