'വയനാട്ടിലേത് കമ്യൂണിസ്റ്റ്- കോൺ​ഗ്രസ് പാർട്ടികൾ ഉണ്ടാക്കിയ ദുരന്തം'; ബി.ജെ.പി എം.പി തേജസ്വി സൂര്യ

വയനാട്ടിൽ സംഭവിച്ചത് പ്രകൃതിദുരന്തമല്ല. അതൊരു മനുഷ്യനിർമിത ദുരന്തമാണെന്നും എം.പി ആരോപിച്ചു.

Update: 2024-08-03 12:00 GMT
Advertising

ബെം​ഗളൂരു: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ കമ്യൂണിസ്റ്റ്- കോൺ​ഗ്രസ് നിർമിത ദുരന്തമെന്ന് ബി.ജെ.പി എം.പി തേജസ്വി സൂര്യ. ഒപ്പം മനുഷ്യ നിർമിത ദുരന്തമാണെന്നും യുവമോർച്ച ദേശീയ അധ്യക്ഷൻ കൂടിയായ തേജസ്വി സൂര്യ ആരോപിച്ചു.

'2000 മുതൽ പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലകളിൽ അനധികൃത വാണിജ്യവൽക്കരണം, ഖനനം, ക്വാറി പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ കേരള സർക്കാർ അവഗണിച്ചാണ് കമ്യൂണിസ്റ്റ്- കോൺഗ്രസ് പാർട്ടികൾ ഈ ദുരന്തം സൃഷ്ടിച്ചത്' എന്നാണ് ബി.ജെ.പി നേതാവിന്റെ ആരോപണം. കേരളത്തിൽ സംഭവിച്ചത് മനുഷ്യനിർമിത ദുരന്തമാണെന്ന് താൻ മാത്രമല്ല, പശ്ചിമഘട്ട ആവാസവ്യവസ്ഥയിലെ പരിസ്ഥിതി ശാസ്ത്രജ്ഞരും ആവർത്തിച്ച് പറയുന്നുണ്ടെന്നും എം.പി അവകാശപ്പെട്ടു.

'വയനാട്ടിൽ സംഭവിച്ചത് പ്രകൃതിദുരന്തമല്ല. അതൊരു മനുഷ്യനിർമിത ദുരന്തമാണ്. ഞാനത് ആവർത്തിക്കുന്നു. മാധവ് ​ഗാഡ്​ഗിൽ അടക്കമുള്ള പരിസ്ഥിതി ശാസ്ത്രജ്ഞരും ഇതൊരു മനുഷ്യനിർമിത ദുരന്തമാണെന്ന് ആവർത്തിക്കുന്നു. 2000 മുതൽ ഈ വർഷം ജനുവരി വരെ വിവിധ പാനൽ റിപ്പോർട്ടുകൾ, സർക്കാർ സംഘടനകൾ, ശാസ്ത്ര സംഘടനകൾ, ഐ.ഐ.ടി ഡൽഹി ഉൾപ്പെടെ പശ്ചിമഘട്ടത്തിലെ അനധികൃത വാണിജ്യവൽക്കരണം, ഖനനം, ക്വാറി പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ കേരള സർക്കാരിന് നൽകിയിരുന്നു'.

എന്നാൽ ഇതെല്ലാം കോൺ​ഗ്രസ് അവ​ഗണിച്ചു. ഒരു നടപടിയും സ്വീകരിച്ചില്ല. യു.ഡി.എഫ് മാത്രമല്ല എൽ.ഡി.എഫ് സർക്കാരും ഇക്കാലം വരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും തേജസ്വി സൂര്യ ആരോപിച്ചു. രാജ്യത്തെ തന്നെ ഞെട്ടിച്ച് 360ലേറെ ആളുകൾക്ക് ജീവൻ നഷ്ടമായ വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒരു നാടൊന്നാകെ കേഴുമ്പോൾ വിദ്വേഷ വാദവുമായി മുതിർന്ന ബി.ജെ.പി നേതാവ് ഗ്യാൻദേവ് അഹൂജയും രം​ഗത്തെത്തിയിരുന്നു.

ദുരന്തത്തിന് കാരണം പശുക്കശാപ്പാണെന്നാണാണ് മുൻ ബി.ജെ.പി എം.എൽ.എയായ അഹൂജയുടെ വാദം. 'വയനാട്ടിലെ ഉരുൾപൊട്ടൽ പശുക്കശാപ്പിന്റെ നേരിട്ടുള്ള അനന്തരഫലമാണ്. കേരളത്തിൽ ഈ ആചാരം അവസാനിപ്പിച്ചില്ലെങ്കിൽ സമാനമായ ദുരന്തങ്ങൾ തുടരും. അതിനുള്ള മുന്നറിയിപ്പാണിത്'- അഹൂജ അഭിപ്രായപ്പെട്ടു. ഉത്തരാഖണ്ഡ‍്, ഹിമാചൽപ്രദേശ് തുടങ്ങിയ പ്രദേശങ്ങളിൽ ഇടയ്ക്കിടെ മേഘവിസ്ഫോടനം, ഉരുൾപൊട്ടൽ പോലുള്ള പ്രകൃതിദുരന്തങ്ങൾ ഉണ്ടാവാറുണ്ടെങ്കിലും ഇത്രയും വലുതൊന്നും സംഭവിക്കുന്നില്ലെന്നും അഹൂജ അവകാശപ്പെട്ടു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News