ഗുസ്തി ഫെഡറേഷൻ പ്രസിഡന്റിനെതിരായ പരാതി: അന്വേഷണത്തിന് ഏഴംഗ സമിതി
മേരി കോം, ഡോല ബാനർജി എന്നിവരും രണ്ട് അഭിഭാഷകരും സമിതിയിലുണ്ട്
ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ പ്രസിഡണ്ടിനെതിരായ പരാതികൾ അന്വേഷിക്കാൻ ഒളിമ്പിക്സ് അസോസിയേഷൻ സമിതി രൂപീകരിച്ചു. ഏഴംഗ സമിതിക്കാണ് രൂപം നൽകിയത്. മേരി കോം, ഡോല ബാനർജി എന്നിവരും രണ്ട് അഭിഭാഷകരും സമിതിയിലുണ്ട്. ഗുസ്തി താരങ്ങളുമായുള്ള കായിക മന്ത്രി അനുരാഗ് ഠാക്കൂറിന്റെ ചർച്ച തുടരുകയാണ്.SAI ഡയറക്ടർ ജനറൽ സന്ദീപ് പ്രധാൻ, കായിക മന്ത്രാലയ സെക്രട്ടറി സുജാത ചതുർവേദി എന്നിവരും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്
ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനമൊഴിയുക,പുതിയ അംഗങ്ങളെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് താരങ്ങൾ.സമിതി ഇവരെ ഉടൻ തന്നെ കാണുകയും റിപ്പോർട്ട് ഒളിമ്പിക്‌സ് അസോസിയേഷനും കായിക മന്ത്രാലയത്തിനും സമർപ്പിക്കുകയും ചെയ്യുമെന്നാണ് വിവരം.
റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ള താരങ്ങൾ ജന്തർമന്ദറിൽ പ്രതിഷേധിച്ചിരുന്നു. ഫെഡറേഷൻ മാനസികമായി പീഡിപ്പിക്കുന്നുവെന്നും, ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണും പരിശീലകരും വനിതാ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നുമായിരുന്നു ആരോപണം. ഫെഡറേഷന്റെ ഭാഗത്ത് നിന്നും അപായപ്പെടുത്തുമെന്ന് വരെ ഭീഷണി ഉണ്ടായെന്നും ഫോഗട്ട് പറഞ്ഞു.
ബി.ജെ.പി എം.പി കൂടിയായ ബ്രിജ് ഭൂഷണിനടക്കം എതിരെയാണ് ലൈംഗികമായി ചൂഷണ ആരോപണം ഉയരുന്നത്. ഇരുപതിലധികം പെൺകുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നും കായിക താരങ്ങൾ ആരോപിച്ചിരുന്നു. കായിക താരങ്ങളുടെ സ്വകാര്യ ജീവിതത്തിൽ വരെ ഫെഡറേഷൻ ഇടപെടുന്നുണ്ടെന്നും താരങ്ങൾ പറയുന്നു. കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള യാതൊരു പ്രവർത്തനവും ഫെഡറേഷൻറെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നും പ്രസിഡൻറടക്കമുള്ളവർ വിദേശ യാത്രകൾ നടത്തുമ്പോൾ താരങ്ങൾ വില കുറഞ്ഞ കമ്പാർട്ട്‌മെൻറിലാണ് യാത്ര ചെയ്യുന്നതെന്നും താരങ്ങൾ പറഞ്ഞു. മുപ്പതോളം വരുന്ന കായിക താരങ്ങളാണ് ജന്തർമന്ദറിൽ വിനേഷ് ഫോഗട്ടിന്റെ നേതൃത്വത്തിൽ പ്രതിഷേധിക്കുന്നത്്.