മെഡിക്കൽ കമ്മീഷന്റെ ലോഗോ മാറ്റിയതിനെതിരെ കേന്ദ്ര ആരോഗ്യമന്ത്രിക്ക് പരാതി
ലോഗോയിൽനിന്ന് അശോകസ്തംഭവും ഇന്ത്യയും മാറ്റി, പകരം ഹിന്ദു ദൈവമായ ധന്വന്തരിയുടെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്
ന്യൂഡല്‍ഹി: മെഡിക്കൽ കമ്മീഷന്റെ ലോഗോ മാറ്റിയതിനെതിരെ കേന്ദ്ര ആരോഗ്യ മന്ത്രിക്ക് പരാതി. പുതുക്കിയ ലോഗോ പിൻവലിക്കണമെന്നും ലോഗോ മാറ്റിയത് ഭരണഘടനാ വിരുദ്ധമെന്നും പരാതിയിൽ പറയുന്നു.സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് എം.തീക്കാടൻ ആണ് പരാതി നൽകിയത്.
നാഷണൽ മെഡിക്കൽ കമ്മിഷൻ ലോഗോയിൽനിന്ന് അശോകസ്തംഭവും ഇന്ത്യയും മാറ്റി. പകരം ഹിന്ദു ദൈവമായ ധന്വന്തരിയുടെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയ്ക്ക് പകരം 'ഭാരത്' എന്നും ചേർത്തിട്ടുണ്ട്. മെഡിക്കൽ കമ്മിഷന്റെ വെബ്‌സൈറ്റിലാണ് പുതിയ മാറ്റം പ്രത്യക്ഷപ്പെട്ടത്. ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വൻ വിമർശനം ഉയർന്നിട്ടുണ്ട്.
ഇന്ത്യയുടെ പേര് ഭാരത് എന്ന് ആക്കാനുള്ള കേന്ദ്രസർക്കാർ നീക്കങ്ങൾക്ക് എതിരെ വിമര്‍ശനമുയരുന്നതിനിടെയാണ് ദേശീയ മെഡിക്കൽ കമ്മീഷന്റെ ലോഗോയിൽ മാറ്റം വരുത്തിയത്. ലോഗോ മാറ്റത്തിന് പിന്നാലെ വിവിധ കോണിൽ നിന്ന് പ്രതിഷേധം ശക്തമാണ്. രാജ്യത്തെ മതേതര ആശയങ്ങളുടെ നഗ്നമായ ലംഘനമാണെന്നും സമൂഹത്തെ ധ്രുവീകരിക്കാനുള്ള നീക്കം നടക്കുന്നു എന്നുമാണ് വിമർശനം.
അതേസമയം, ലോഗോയിലുണ്ടായ മാറ്റം സംബന്ധിച്ച് മെഡിക്കൽ കമ്മീഷൻ ഇതുവരെ വിശദീകരണം പുറത്തുവിട്ടിട്ടില്ല. ജി20 ഉച്ചകോടിയിൽ രാഷ്‌ട്രപതി ഒരുക്കിയ അത്താഴവിരുന്നിന്റെ ക്ഷണക്കത്തിൽ ഭാരത് എന്ന് ചേർത്തതോടെയാണ് പേര് മാറ്റാൻ ഉള്ള കേന്ദ്രസർക്കാർ നീക്കത്തെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചത്.