നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയം; ഇന്‍ഡ്യാ മുന്നണിയിൽ അസ്വാരസ്യം പുകയുന്നു

മറ്റ് പ്രതിപക്ഷ പാർട്ടികളുമായി കോൺഗ്രസ് കൃത്യമായി സീറ്റ് ധാരണകൾ ഉണ്ടാക്കിയില്ലെന്നതാണ് പ്രധാന വിമർശനം

Update: 2023-12-04 09:14 GMT
Editor : Jaisy Thomas | By : Web Desk

ഇന്‍ഡ്യ മുന്നണി

Advertising

ഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ഇന്‍ഡ്യാ മുന്നണിയിൽ അസ്വാരസ്യം പുകയുന്നു. മറ്റ് പ്രതിപക്ഷ പാർട്ടികളുമായി കോൺഗ്രസ് കൃത്യമായി സീറ്റ് ധാരണകൾ ഉണ്ടാക്കിയില്ലെന്നതാണ് പ്രധാന വിമർശനം. മറ്റന്നാൾ ഡൽഹിയിൽ ചേരുന്ന ഇന്‍ഡ്യ മുന്നണി യോഗത്തിൽ ഇക്കാര്യങ്ങളെല്ലാം ചർച്ചയാവും.

മൂന്ന് സംസ്ഥാനങ്ങളിലെ പരാജയം, ഇന്ത്യ മുന്നണിയിൽ കടുത്ത അസ്വസ്ഥതയ്ക്ക് ഇടയാക്കി. മറ്റു പ്രതിപക്ഷ പാർട്ടികൾക്ക് സീറ്റ് നിഷേധിച്ചതാണ് കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കുന്നത്. മറ്റന്നാൾ ഡൽഹിയിൽ ഇന്‍ഡ്യ മുന്നണി യോഗം ചേരും. ഇന്‍ഡ്യ മുന്നണിയിലെ പാർട്ടികൾ കോൺഗ്രസിനെനെതിരെ പരസ്യമായും രഹസ്യമായും കലാപകൊടി ഉയർത്തികഴിഞ്ഞു . ബി.ജെ.പിക്കെതിരെ ഒറ്റക്കെട്ടായി നിലയുറപ്പിക്കാൻ തീരുമാനിച്ചിട്ടും കോൺഗ്രസിന് ഇക്കാര്യം പാലിക്കാൻ കഴിഞ്ഞില്ല എന്നതാണ് പ്രധാന വിമർശനം. സെപ്തംബറിന് ശേഷം യോഗം ചേർന്നിട്ടില്ല . സ്ഥാനാർത്ഥികളെ വേഗം തീരുമാനിക്കണം എന്ന മുംബൈ യോഗ തീരുമാനം കോൺഗ്രസ് വൈകിപ്പിക്കുന്നു എന്നാണ് മറ്റുപാർട്ടികളുടെ പരാതി . സമാജ്‍വാദി പാർട്ടിക്ക് മധ്യപ്രദേശിൽ 4 സീറ്റ് അനുവദിച്ചില്ല എന്ന് മാത്രമല്ല ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവിനെ, കോൺഗ്രസ് നേതാവ് കമൽ നാഥ് പരസ്യമായി അപമാനിക്കുകയും ചെയ്തിരുന്നു. തെലങ്കാന , രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ സി.പി.എമ്മിനെ പാടെ അവഗണിക്കുകയാണ് കോൺഗ്രസ് ചെയ്‍തത്. ഇവിടെ സി.പി.എമ്മിന് സ്വാധീനമുള്ള സീറ്റുകളിൽ ബി.ജെ.പിയാണ് വിജയിച്ചത്.

ഛത്തീസ്‌ഗഡിൽ കോൺഗ്രസ് അവഗണിച്ച കോൺഗ്രസ് -ബി.ജെ.പി ഇതര പാർട്ടികൾക്ക് 11 .5 ശതമാനം വോട്ടും രാജസ്ഥാനിൽ 18 .6 ശതമാനം വോട്ടും നേടാൻ കഴിഞ്ഞിരുന്നു. ഒറ്റമുന്നണിയായി മത്സരിച്ചിരുന്നെങ്കിൽ തിരഞ്ഞെടുപ്പ് ചിത്രം വ്യത്യസ്തമാകുമായിരുന്നു എന്നാണ് പാർട്ടികളുടെ വാദം. കോൺഗ്രസിന്‍റെ ധാർഷ്യമാണ് എല്ലാം തുലച്ചതെന്നു ജെ .ഡി.യുവും കോൺഗ്രസിന് ഫ്യൂഡൽ മനോഭാവമാണെന്നു ടി.എം.സിയും തുറന്നടിച്ചു. സി.പി.എം , എൻ.സി.പി ദേശീയ നേതൃത്വം മാത്രമാണ് കോൺഗ്രസിനോട് കടുപ്പം കുറഞ്ഞ നിലപാട് സ്വീകരിച്ചിരിക്കുന്നത്. മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ മറ്റന്നാൾ ചേരുന്ന യോഗം വിഴുപ്പലക്കൽ ആയി മാറുമോ എന്നും കോൺഗ്രസിന് സംശയമുണ്ട്. അതെ സമയം ഉത്തരേന്ത്യയിൽ ബി.ജെ.പി കഴിഞ്ഞാൽ ശക്തിയുള്ള പാർട്ടി ആം ആദ്മി ആണെന്ന അവരുടെ വാദം മറ്റു കക്ഷികളെയും വിറളി പിടിപ്പിച്ചിട്ടുണ്ട് . ഡൽഹി , പഞ്ചാബ് സംസ്ഥാനങ്ങളിലെ ഭരണത്തിന്‍റെ അടിസ്ഥാനത്തിലാണ് ആം ആദ്മി ഇങ്ങനെ ഒരു ഒരു വാദം ഉയർത്തുന്നത്

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News