ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്ടവും; ആന്ധ്രയിൽ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ പോര്
വീടുകൾ കയറി പ്രചാരണം നടത്തുന്ന പാർട്ടി പ്രവർത്തകർ കോണ്ടം പാക്കറ്റുകളും വിതരണം ചെയ്യുകയാണ്
ആന്ധ്ര പ്രദേശിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്ടം ഉപയോഗിക്കുന്നതിനെ ചൊല്ലി രാഷ്ട്രീയ പാർട്ടികൾ തമ്മിൽ പോര്. ഭരണകക്ഷിയായ വൈ.എസ്.ആർ കോൺഗ്രസും പ്രതിപക്ഷമായ തെലുങ്ക് ദേശം പാർട്ടിയുമാണ് പോരടിക്കുന്നത്.
കഴിഞ്ഞദിവസമാണ് പാർട്ടി ചിഹ്നങ്ങൾ പ്രിന്റ് ചെയ്ത കോണ്ടം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നത്. വൈ.എസ്.ആർ കോൺഗ്രസിന്റെയും പ്രമുഖ പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടിയുടെയും ചിഹ്നങ്ങൾ അടയാളപ്പെടുത്തിയ കോണ്ടം പാക്കുകളാണ് വോട്ടർമാർക്കിടയിൽ വിതരണം ചെയ്യുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനായി വീടുകൾ കയറി പ്രചാരണം നടത്തുന്ന പാർട്ടി പ്രവർത്തകർ കോണ്ടം പാക്കറ്റുകളും വിതരണം ചെയ്യുന്നുണ്ട്. ഇതിനെതിരെ ആദ്യം രംഗത്തുവന്നത് വൈ.എസ്.ആർ കോൺഗ്രസാണ്. ടി.ഡി.പി ഇത്രത്തോളം അധഃപതിച്ചുവോ എന്ന് അവർ ചോദിച്ചു. ഇത് കോണ്ടം കൊണ്ട് നിർത്തുമോ, അതോ പൊതുജനങ്ങൾക്ക് വയാഗ്ര വിതരണം ചെയ്യാൻ തുടങ്ങുമോ എന്നും അവർ പരിഹസിച്ചിരുന്നു.
എന്നാൽ, ഇതിന് മറുപടിയുമായി ടി.ഡി.പിയും രംഗത്തുവന്നു. വൈ.എസ്.ആർ കോൺഗ്രസിന്റെ ചിഹ്നം പതിച്ച കോണ്ടം പാക്കുകളുടെ വീഡിയോ ടി.ഡി.പി പുറത്തുവിട്ടിട്ടുണ്ട്.